ന്യൂഡൽഹി: ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായിരിക്കെ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് വീണ്ടും പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിനു മുൻപ് 50 ശതമാനം വിവിപാറ്റ് സ്ളിപ്പുകൾ എണ്ണി ഒത്തുനോക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ ചേർന്ന 21 പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗം തീരുമാനിച്ചു.
പകുതി വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. 'വിവിപാറ്റ് രസീതുകൾ എണ്ണാൻ വേണ്ട സമയത്തെക്കുറിച്ച് കമ്മിഷൻ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചു. 50 ശതമാനം സ്ലിപ്പുകൾ എണ്ണിയാൽ ഫലപ്രഖ്യാപനം ആറു ദിവസം വൈകുമെന്നാണ് കമ്മിഷൻ സുപ്രീംകോടതിയിൽ പറഞ്ഞത്. ഇത് ശരിയല്ല. ബാലറ്റ് പേപ്പർ എണ്ണുന്ന കാലത്ത് 24 മണിക്കൂറുകൊണ്ട് പൂർണ ഫലം ലഭിച്ചിരുന്നെന്നും യോഗശേഷം നടന്ന വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
വിവിപാറ്റുകളിൽ വോട്ട് തെളിയുന്നത് ഏഴ് സെക്കൻഡുകൾക്ക് പകരം വെറും മൂന്ന് സെക്കൻഡ് മാത്രമാണെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, അഭിഷേക് സിംഗ്‌വി, സി.പി.എം നേതാവ് നീലോൽപ്പൽ ബസു, സി.പി.ഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു.
വ്യാഴാഴ്ച ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ആന്ധ്രപ്രദേശിൽ 4583 വോട്ടിംഗ് മെഷീനുകൾ കേടായെന്നും 150 പോളിംഗ് സ്റ്റേഷനുകളിലെങ്കിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് ചന്ദ്രബാബുനായിഡു കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാനാണ് സുപ്രീംകോടതി ഏപ്രിൽ എട്ടിന് ഉത്തരവിട്ടത്.
ജർമ്മനി 2005 - 09കാലഘട്ടത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചിരുന്നു. നെതർലൻഡ്സ് (1990-2007), അയർലൻഡ് (2002-04) എന്നീ രാജ്യങ്ങളും ഇവ ഉപയോഗിച്ചിട്ടുണ്ട്.ഇ.വി.എമ്മുകളുടെ ന്യൂനതകാരണം ഈ രാജ്യങ്ങളെല്ലാം പിന്നീട് ബാലറ്റ്പേപ്പറുകളിലേക്ക് മടങ്ങി. ഇത്രയും വിവേകമില്ലാത്ത യാഥാർത്ഥ്യബോധമില്ലാത്ത, ഒന്നിനുംകൊള്ളാത്ത തിരഞ്ഞെടുപ്പ് കമ്മിഷനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ജനാധിപത്യത്തെ കമ്മിഷൻ പരിഹസിക്കുകയാണോ? കമ്മിഷൻ ബി.ജെ.പി ബ്രാഞ്ച് ഓഫീസായി മാറി.
-ചന്ദ്രബാബു നായിഡു
'നിങ്ങൾ എക്സ് പാർട്ടിക്കുള്ള ബട്ടൺ അമർത്തിയാൽ വോട്ട് വൈ പാർട്ടിക്ക് കിട്ടുന്നു. ഏഴ് സെക്കൻഡിന് പകരം മൂന്ന് സെക്കൻഡ് മാത്രമാണ് വിവിപാറ്റിൽ വോട്ട് തെളിയുന്നത്
-അഭിഷേക് സിംഗ്‌വി
തിരഞ്ഞെടുപ്പ് വിജയത്തിനായി ഇ.വി.എമ്മുകളിൽ ബി.ജെ.പി കൃത്രിമം കാട്ടി. ജനങ്ങൾ ഇ.വി.എമ്മിൽ വിശ്വസിക്കുന്നില്ല. പരാതികൾ കേൾക്കാൻ കമ്മിഷൻ തയാറാകുന്നില്ല. മറ്റു പാർട്ടികൾക്കുള്ള ബട്ടൺ അമർത്തുമ്പോൾ ബി.ജെ.പിക്ക് വോട്ടുപോകുന്നത് എന്തുകൊണ്ട് കമ്മിഷൻ അന്വേഷിക്കുന്നില്ല
- അരവിന്ദ് കേജ്‌രിവാൾ