kejrival

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യസാദ്ധ്യത വീണ്ടും തുറന്ന് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. അപകടത്തിലായ രാജ്യത്തെ മോദി - അമിത് ഷാ ടീമിൽ നിന്ന് രക്ഷിക്കാൻ എന്തും ചെയ്യുമെന്ന് കേജ്‌രിവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യം അപകടത്തിലാണ്. മോദി, അമിത്ഷാ ഭരണം തുടരാതിരിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, അഭിഷേക് സിംഗ്‌വി തുടങ്ങിയവരെ സാക്ഷി നിറുത്തിയായിരുന്നു പ്രതികരണം. അതേസമയം, സഖ്യം സംബന്ധിച്ച ചോദ്യത്തിൽ നിന്നും കപിൽ സിബൽ ഒഴിഞ്ഞുമാറി. കോൺഗ്രസുമായി സഖ്യത്തിന് ഈ നിമിഷവും തയാറാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഡൽഹിയിൽ മാത്രം സഖ്യമെന്ന നിലപാടാണ് കോൺഗ്രസിന്. ഡൽഹിയിൽ മാത്രമല്ല പഞ്ചാബിലും ഹരിയാനയിലും സഖ്യം വേണമെന്നതാണ് ആംആദ്മിയുടെ ആവശ്യം. ഇതോടെയാണ് ഡൽഹിയിലെ സഖ്യചർച്ചകൾ വഴിമുട്ടിയത്. അതിനിടെ ഹരിയാനയിൽ ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയുമായി ആംആദ്മി സഖ്യമുണ്ടാക്കി. തുടർന്ന് ന്യൂഡൽഹി - അജയ് മാക്കൻ, ചാന്ദ്നി ചൗക്ക് - കപിൽ സിബൽ,വടക്ക്- കിഴക്കൻ ഡൽഹി - ജെ.പി അഗർവാൾ. വടക്ക് പടിഞ്ഞാറൻ ഡൽഹി- രാജ്കുമാർ ചൗഹാൻ എന്നിവരെ കോൺഗ്രസ് ഡൽഹിയിൽ സ്ഥാനാർത്ഥികളായി തീരുമാനിച്ചിരുന്നു. ബാക്കിയുള്ള മൂന്നുസീറ്റുകളിൽ സ്ഥാനാർത്ഥി നിർണയം നടക്കവെയാണ് വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് കേജ്‌രിവാൾ പ്രഖ്യാപിച്ചത്. മേയ് 12നാണ് ഡൽഹിയിൽ വോട്ടെടുപ്പ്.