sc

ന്യൂഡൽഹി: രാജ്യത്തെ എല്ലാ മുസ്ളിം പള്ളികളിലും പ്രവേശിക്കാനും നമസ്കാരം നടത്താനും മുസ്ളിം സ്ത്രീകളെ അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനും അഖിലേന്ത്യാ മുസ്ളിം വ്യക്തിനിയമബോർഡ്, വഖഫ് ബോർഡ്, ദേശീയ വനിതാ കമ്മിഷൻ തുടങ്ങിയവർക്കും നോട്ടീസയച്ചു. ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനമനുവദിച്ച ‌ സുപ്രീംകോടതിയുടെ തന്നെ വിധിയുണ്ടെന്ന ഒറ്റക്കാരണത്താലാണ് വാദം കേൾക്കുന്നതെന്ന് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, എസ്.അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ച് ഹർജി സ്വീകരിക്കെ വാക്കാൽ പറഞ്ഞു.

പള്ളികളിൽ സ്ത്രീപ്രവേശനം തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വിലക്ക് 14, 15, 21, 25, 29 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ആരോപിച്ച് പൂനെ സ്വദേശികളായ യാസ്മിൻ സുബൈർ അഹമ്മദ്, സുബൈർ അഹമ്മദ് എന്നീ മുസ്ളിം ദമ്പതികളാണ് ഹർജി നൽകിയത്. ശബരിമലയിലെ യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലാണ് ഹർജി. സ്ത്രീകളുടെ പ്രാർത്ഥനയ്ക്കുള്ള അവകാശം മതത്തെ ഉപയോഗിച്ച് തടയാനാകില്ലെന്നും അത് മനുഷ്യന്റെ അന്തസിന് എതിരാണെന്നുമുള്ള ശബരിമല വിധിയിലെ പരാമർശങ്ങളും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പള്ളി ഭരണകൂടമാണോ?

........................................

നിയമത്തിന് മുന്നിൽ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന ആർട്ടിക്കിൾ 14 ഭരണകൂടങ്ങൾക്കുള്ളതാണ്. അത് വ്യക്തിയുടെ കാര്യത്തിൽ പ്രയോഗിക്കാനാകുമോ? ഒരാൾക്ക് മറ്റൊരു വ്യക്തിയിൽ നിന്ന് തുല്യത അവകാശപ്പെടാനാകുമോ? പള്ളിയും ക്ഷേത്രവും ഭരണകൂടമാണോ? തുടങ്ങിയ ചോദ്യങ്ങൾ ഹർജി പരിഗണിക്കവേ കോടതി ചോദിച്ചു.

പള്ളികളുടെ ഭരണം നി‌ർവഹിക്കുന്ന ബോർഡുകൾക്ക് സർക്കാർ ഗ്രാന്റ് ലഭിക്കുന്നുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞപ്പോൾ ബെഞ്ചിന്റെ പ്രതികരണം ഇങ്ങനെ-, എന്ത് ഗ്രാന്റ് ? എങ്ങനെയാണ് സർക്കാർ ഇതിൽ ഉൾപ്പെടുന്നത് ?പള്ളിയെന്ന് ഉദ്ദേശിക്കുന്നത് അതുണ്ടാക്കാൻ ഉപയോഗിച്ച സിമന്റും കുമ്മായവുമല്ല. അതിലെ ആളുകളെയാണ്. അന്യന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ അനുമതി നിഷേധിച്ചാൽ അതിന് പൊലീസ് സംരക്ഷണം തേടാൻ കഴിയുമോ?

മക്കയിൽ തടസമില്ലെന്ന് ഹർജിക്കാർ

............................

പ്രാർത്ഥനയ്ക്ക് പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെയിലെ മുഹമ്മദിയ ജമാ മസ്ജിദ് ഭരണസമിതിക്കും ഇമാമിനും കത്ത് നൽകിയെങ്കിലും അവർ അനുവദിച്ചില്ലെന്നും തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ഹർജിയിൽ പറയുന്നു. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മുസ്ളിം വിശ്വാസികളുടെ വിശുദ്ധ നഗരമായ മക്കയിൽ പ്രാർത്ഥനയ്ക്ക് അവസരമുണ്ട്. ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് വിഭാഗങ്ങളുടെ പള്ളികളിൽ പ്രാർത്ഥനയ്ക്കായി സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്. എന്നാൽ പ്രബല വിഭാഗമായ സുന്നികൾ അവർക്ക് കീഴിലുള്ള പള്ളികളിൽ സ്ത്രീകളെ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ഹർജിയിൽ പറയുന്നു.