election-commission
election commission

ന്യൂഡൽഹി: വിദ്വേഷ വർഗീയ പരാമർശങ്ങളിലൂടെ തിരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റ ചട്ടം ഘംഘിച്ചതിന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി മേനകാ ഗാന്ധി, എസ്.പി നേതാവും രാംപുരിലെ സ്ഥാനാർത്ഥിയുമായ അസംഖാൻ എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ പ്രചാരണ വിലക്ക് തുടരുന്നു. ഇന്നലെ രാവിലെ മുതലാണ് നേതാക്കൾക്കെതിരെയുള്ള നടപടി പ്രാബല്യത്തിൽ വന്നത്. യോഗി ആദിത്യനാഥിനും അസംഖാനും മൂന്നു ദിവസവും മായാവതിക്കും മേനക ഗാന്ധിക്കും രണ്ടുദിവസവുമാണ് പ്രചാരണവിലക്ക്. പൊതുപരിപാടികൾ, റാലികൾ, റോഡ് ഷോകൾ, അഭിമുഖങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമൂഹ മാദ്ധ്യങ്ങളുൾപ്പെടെയുള്ള മാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കൽ എന്നിവയ്ക്കാണ് വിലക്ക്. നടപടി നേരിട്ട നാലുപേരും യു.പിയിലെ രാഷ്ട്രീയക്കാരെന്നതും ശ്രദ്ധേയം. അതിനിടെ പ്രചാരണവിലക്കിനെതിരെ മായാവതി നൽകിയ ഹ‌ർജി സുപ്രീംകോടതി തള്ളി. ചട്ടലംഘകർക്കെതിരായാണ് കമ്മിഷൻ നടപടിയെടുത്തതെന്ന് കോടതി വ്യക്തമാക്കി.

വാക്കും നടപടിയും


മായാവതി

പശ്ചിമ യു.പിയിൽ സഹരൻപൂരിലും ബറെയ്‌ലിയിലും മുസ്ലിങ്ങൾ വളരെ കൂടുതലുണ്ട്. മുസ്ലിങ്ങളോട് ഞാൻ പറയുകയാണ്. നിങ്ങളുടെ വോട്ട് ഭിന്നിച്ചുപോകരുത്. അത് ബി.എസ്.പി, എസ്.പി, ആർ.എൽ.ഡി സഖ്യത്തിനു നൽകൂ.

- ഏപ്രിൽ 7- ദേവ്ബന്ദ് യു.പി മഹാസഖ്യത്തിന്റെ ആദ്യ റാലിയിൽ

നടപടി- 48 മണിക്കൂർ പ്രചാരണ വിലക്ക്, ചൊവ്വാഴ്ച രാവിലെ 6 മുതൽ

കാരണം: ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ട് തേടൽ, പ്രകോപനപരമായ പ്രസംഗം, വിവിധ മതവിഭാഗങ്ങൾക്കിടയിലെ വിദ്വേഷം വർദ്ധിപ്പിക്കുന്ന പ്രവൃത്തി. മുതിർന്ന നേതാവായ മായാവതി ധുവ്രീകരണ പ്രവണതയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് സ്വയം വിട്ടുനിൽക്കേണ്ടതായിരുന്നു.

യോഗി ആദിത്യനാഥ്

...........................................................

കോൺഗ്രസിനും എസ്.പിക്കും ബി.എസ്.പിക്കും 'അലി'യിലാണ് വിശ്വാസമെങ്കിൽ ഞങ്ങൾക്ക് ഹനുമാനിലാണ് (ബജ്റംഗ് ബലി) വിശ്വാസം.

ഏപ്രിൽ 9, ബി.ജെ.പി റാലി മീററ്റ്, യു.പി

രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പത്രികാസമർപ്പണത്തിൽ പച്ചപ്പ് മാത്രമേ കാണാനുള്ളൂ. കോൺഗ്രസ് കൊടി എവിടെയും കാണാനില്ല. കോൺഗ്രസ് പച്ചവൈറസിനാൽ ബുദ്ധിമുട്ടുകയാണ്. അവരെ പച്ച വൈറസ് ബാധിച്ചു.

ഏപ്രിൽ 11, ബറെയ്‌ലി ,യു.പി

നടപടി- 72 മണിക്കൂർ പ്രചാരണ വിലക്ക്. ചൊവ്വാഴ്ച രാവിലെ 6 മുതൽ

കാരണം: പ്രകോപന പ്രസംഗം, വിവിധ മതവിഭാഗങ്ങൾക്കിടയിലെ വിദ്വേഷം വർദ്ധിപ്പിക്കുന്ന പ്രവൃത്തി. മുഖ്യമന്ത്രിയെന്ന നിലയിൽ മതേതരത്വമുൾപ്പെടെ ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങളെ ഉയർത്തിപ്പിടുക്കുക മാത്രമല്ല പൊതുയോഗങ്ങളിലും പ്രസംഗങ്ങളിലും അത്

പ്രദർശിപ്പിക്കുകയെന്ന ഉത്തരവാദിത്വം കൂടിയുണ്ട് യോഗി ആദിത്യനാഥിന്. ധ്രുവീകരണ പ്രവണതയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് സ്വയം വിട്ടുനിൽക്കേണ്ടതായിരുന്നു. പൊതുപരിപാടികളിൽ ഉത്തരവാദിത്വത്തോടെ പെരുമാറാൻ മോദി സേന പരാമർശം വിവാദമായപ്പോൾ തന്നെ കമ്മിഷൻ കർശനമായി നിർദ്ദേശിച്ചിരുന്നു.

മേനകാ ഗാന്ധി

.......................

ഞാൻ എന്തായാലും ജയിക്കും. മുസ്ലിങ്ങളുടെ വോട്ടില്ലാതെയാണ് ഞാൻ ജയിക്കുന്നതെങ്കിൽ അത് നല്ലതാണെന്നു തോന്നുന്നില്ല. എന്തെങ്കിലും ആവശ്യത്തിന് മുസ്ലിങ്ങൾ സമീപിച്ചാൽ ഞാനൊന്നു ആലോചിക്കും. എല്ലാം കൊടുക്കൽ വാങ്ങലല്ലേ?

ഏപ്രിൽ 11

സുൽത്താൻപൂർ, യു.പി

നടപടി- 48 മണിക്കൂർ പ്രചാരണ വിലക്ക്. ചൊവ്വാഴ്ച രാവിലെ 10 മുതൽ

കാരണം - ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ട് തേടൽ, പ്രകോപനപരമായ പ്രസംഗം

അസംഖാൻ

........................................................


ഞാനാണ് അവരുടെ കൈ പിടിച്ച് രാംപൂരിലേക്കു കൊണ്ടുവന്നത്. അവരെ തൊടാൻ പോലും ഒരാളെയും അനുവദിച്ചില്ല. 17 വർഷം കൊണ്ടാണ് നിങ്ങൾ അവരുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞതെങ്കിൽ വെറും 17 ദിവസം കൊണ്ട് അവരുടെ അടിവസ്ത്രത്തിന്റെ നിറം കാക്കിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു-
ഏപ്രിൽ 14

പൊതുയോഗം, രാംപുർ- യു.പി

ബി.ജെ.പി സ്ഥാനാർത്ഥിയും നടിയുമായ ജയപ്രദയ്ക്കെതിരെ

നടപടി- 72 മണിക്കൂർ പ്രചാരണ വിലക്ക്. ചൊവ്വാഴ്ച രാവിലെ 10 മുതൽ

കാരണം- അപകീർത്തികരവും മോശവുമായ പ്രസ്താവന. മറ്റ് രാഷ്ട്രീയ പാ‌ർട്ടികളെ വിമർശിക്കുന്നത് അവരുടെ നയപരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പേരിലാകണം. എതിർ സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുജീവിതവുമായി ബന്ധമില്ലാത്ത, വ്യക്തിജീവിതത്തെ വിമർശിക്കരുത്. തെറ്റായ ആരോപണങ്ങളുന്നയിക്കരുത്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ 2014ലും പ്രചാരണവിലക്ക് അസംഖാന് ഏർപ്പെടുത്തിയിരുന്നു. തെറ്റ് തിരുത്താൻ തയാറല്ലെന്ന് വെളിവാക്കുന്ന നടപടി.

കമ്മിഷൻ ഉണർന്നുവെന്ന് സുപ്രീംകോടതി

യോഗി ആദിത്യനാഥ്, മേനകാ ഗാന്ധി, അസംഖാൻ, മായാവതി എന്നിവർക്കെതിരായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയിൽ സുപ്രീംകോടതി സംതൃപ്തി രേഖപ്പെടുത്തി.
കമ്മിഷന് ഇപ്പോൾ അധികാരം ലഭിച്ചതായി തോന്നുവെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കമ്മിഷൻ ഉണർന്നു. അതിനാൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇപ്പോൾ കൂടുതൽ ഉത്തരവിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി മാറ്റിവച്ചു. മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാത്തതിൽ സുപ്രീംകോടതി തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചട്ടം ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ അധികാരമില്ലെന്ന് തിങ്കളാഴ്ച കോടതിയിൽ പറഞ്ഞ കമ്മിഷൻ അത് തിരുത്തി. നടപടിയെടുക്കാൻ കമ്മിഷന് പല അധികാരങ്ങളുമുണ്ടെന്ന് ഇന്നലെ കോടതിയിൽ പറഞ്ഞു.