ന്യൂഡൽഹി: റാഫേൽ കേസിൽ കാവൽക്കാരൻ കള്ളനാണെന്നത് സുപ്രീംകോടതി അംഗീകരിച്ചുവെന്ന് പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് വ്യക്തമാക്കിയ കോടതി രാഹുൽ പറഞ്ഞപോലെ എന്തെങ്കിലും പരാമർശം നടത്തിയിട്ടില്ലെന്നും പറഞ്ഞു. പുറത്തുവന്ന രേഖകൾ സ്വീകരിക്കുന്നതിലെ നിയമവശം മാത്രമാണ് കോടതി പരിശോധിച്ചത്. പറയാത്ത കാര്യങ്ങൾ കോടതിക്ക് മേൽ ചുമത്തരുതെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഏപ്രിൽ 23ന് ഹർജി വീണ്ടും പരിഗണിക്കും. അതേസമയം രാഹുലിൻറെ പരാമർശം സംബന്ധിച്ച് കോടതിയിൽ വിശദീകരണം നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. റാഫേൽ യുദ്ധവിമാനങ്ങളുടെ വില നിർണയത്തിലുൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ഇടപെട്ടെന്ന് സൂചിപ്പിക്കുന്ന മാദ്ധ്യമങ്ങൾ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ റിവ്യൂഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി ഏപ്രിൽ 10നാണ് തീരുമാനിച്ചത്. ഈ വിധി പുറത്തുവന്ന ശേഷം മാദ്ധ്യമങ്ങളെ കണ്ട രാഹുൽ കാവൽക്കാരൻ കളവ് നടത്തിയെന്ന് സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നുവെന്നും റാഫേലിൽ അഴിമതി നടന്നിട്ടുണ്ടെന്ന് കോടതി അംഗീകരിച്ചുവെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ പ്രസ്താവന കോടതിയലക്ഷ്യമാണെന്നാണ് ബി.ജെ.പിയുടെ വാദം. വിധി പകുതി പോലും വായിക്കാതെയാണ് രാഹുൽ പ്രസ്താവന നടത്തുന്നതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും അന്നുതന്നെ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രതികരിച്ചിരുന്നു.