ന്യൂഡൽഹി : വർഗീയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ മൂന്നു ദിവസത്തെ പ്രചാരണവിലക്ക് നേരിടുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും തിരിച്ചടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം മുസ്ളിംലീഗിനെ 'പച്ച വൈറസ്' എന്ന് ആക്ഷേപിക്കുന്നതടക്കമുള്ള ഏപ്രിൽ അഞ്ചിന്റെ രണ്ട് ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു. @myogiadityanath എന്ന യോഗിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലായിരുന്നു വിവാദ പരാമർശങ്ങൾ.
മുസ്ളിംലീഗിന് ഇന്ത്യാവിഭജനത്തിൽ പങ്കുണ്ടെന്ന് പരാമർശിക്കുന്നതാണ് നീക്കം ചെയ്ത മറ്റൊരു ട്വീറ്റ്. ഇതിനെതിരെ മുസ്ളിംലീഗ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു.
യോഗിയെ കൂടാതെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ബി.ജെ.പി ഐ.ടി സെൽ അദ്ധ്യക്ഷൻ അമിത് മാളവ്യ, യുവമോർച്ച ദേശീയ പ്രസിഡന്റ് ഹർഷ് സംഘാവി, എൻ.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ നേതാവ് എം.എസ്. സിർസ എന്നിവരുടെയും ലീഗിനെ വർഗീയമായി ആക്ഷേപിക്കുന്ന ട്വീറ്റുകളും നീക്കിയിട്ടുണ്ട്. ആകെ ബി.ജെ.പി അനുഭാവമുള്ള 31 ട്വിറ്റർ അക്കൗണ്ടുകളിലെ 34 ട്വീറ്റുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം നീക്കിയത്. പച്ചപതാകയുടെ പേരിൽ മുസ്ളിംലീഗിന് പാകിസ്ഥാൻ ബന്ധമാരോപിക്കുന്നതാണ് മിക്ക ട്വീറ്റുകളുടെയും ഉള്ളടക്കം.