demonetization-

ന്യൂഡൽഹി : നോട്ടു നിരോധിച്ച ശേഷം രാജ്യത്ത് 50 ലക്ഷം തൊഴിലവസരം കുറഞ്ഞതായി പഠന റിപ്പോർട്ട്. ബംഗളൂരു അസിം പ്രേംജി സർവകലാശാലയിലെ സുസ്ഥിര തൊഴിൽ കേന്ദ്രം ചൊവ്വാഴ്‌ച പുറത്തുവിട്ട 'സ്റ്റേറ്റ് ഒഫ് വർക്കിംഗ് ഇന്ത്യ" റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. 2011നും 2018നുമിടയിൽ തൊഴിലില്ലായ്‌മ നിരക്ക് ഇരട്ടിയായി വർദ്ധിച്ച് ആറ് ശതമാനമായി. ഗ്രാമീണ മേഖലയിലെ ബിരുദ യോഗ്യതയുള്ള 20നും 24നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കാണ് കൂടുതൽ ആഘാതം നേരിട്ടത്.

ഉന്നത വിദ്യാഭ്യാസമുള്ള തൊഴിൽ രഹിതരുടെ എണ്ണവും വർദ്ധിച്ചു. അവിദഗ്‌ദ്ധ മേഖലയിലെ തൊഴിൽനഷ്‌ടവും കൂടി. സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രാഥമിക പ്രശ്‌നമായി തൊഴിലില്ലായ്‌മ മാറി. നോട്ടു നിരോധനത്തിനു മുമ്പ് 2016 ജനുവരി മുതൽ ഏപ്രിൽ വരെ 72 ശതമാനമായിരുന്നു ഗ്രാമീണ മേഖലയിലെ പുരുഷൻമാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക്. 2018 ഡിസംബറിൽ അത് 68 ശതമാനമായി കുറഞ്ഞു. നഗരമേഖലയിൽ 68ൽ നിന്ന് 65 ശതമാനത്തിലേക്കും ഇടിഞ്ഞു.

രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് 5.22 ലക്ഷം പേരെ ഉൾപ്പെടുത്തി നടത്തിയ കൺസ്യൂമർ പിരമിഡ് സർവേയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തൊഴിലില്ലായ്‌മ പരിഹരിക്കാൻ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് സമാനമായി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. 500 രൂപ ദിവസക്കൂലിയും 100 തൊഴിൽ ദിനങ്ങളും നഗരങ്ങളിൽ ഉറപ്പാക്കണം. നഗരത്തിൽ പൊതു കെട്ടിടങ്ങളുടെ പരിപാലനം, ചെടികൾ നട്ടു നനയ്‌ക്കുക തുടങ്ങിയ ജോലികൾ പദ്ധതിക്കു കീഴിലാക്കണം.

നോട്ടു നിരോധനത്തിനു പിന്നാലെ രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചെന്ന നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ 2017 - 18ലെ ആനുകാലിക ലേബർ ഫോഴ്‌സ് സർവേ ഫലം കേന്ദ്ര സർക്കാർ പുറത്തുവിടാത്തത് വിവാദമായിരുന്നു.