ന്യൂഡൽഹി: ഇന്ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 1600ലധികം സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. സിറ്റിംഗ് എം.പിമാരായ 44 പേർ ജനവിധി തേടുന്നു. സ്ഥാനാർത്ഥികളിൽ 427 പേർ കോടിപതികളാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 46 പേർ കോടിപതികൾ. ബി.ജെ.പി -23, ഡി.എം.കെ- 24, എ.ഐ.എ.ഡി.എം.കെ -22, ബി.എസ്.പി -21 പേരും കോടീശ്വരന്മാരാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് കണക്ക് പുറത്തുവിട്ടത്.
കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ ( ബംഗളൂരൂ നോർത്ത്), പൊൻ രാധാകൃഷ്ണൻ (കന്യാകുമാരി), ഡോ. ജിതേന്ദർ സിംഗ് (ഉധംപുർ) എന്നിവർ ജനവിധി തേടുന്നു.
കർണാടകയിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ തുംകൂറിൽ ജനവിധി തേടുന്നു. അദ്ദേഹത്തിന്റെ രണ്ട് കൊച്ചുമക്കളും മത്സരിക്കുന്നുണ്ട്. ദേവഗൗഡയുടെ സിറ്റിംഗ് മണ്ഡലമായ ഹാസനിൽ മകനും സംസ്ഥാനമന്ത്രിയുമായ രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയും, മകനും കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസാമിയുടെ മകൻ നിഖിൽ കുമാരസാമിയും (മാണ്ഡ്യ) ജെ.ഡി.എസ് സ്ഥാനാർത്ഥികളാണ്.
മുൻകേന്ദ്രമന്ത്രി അംബരീഷിന്റെ ഭാര്യയും തെന്നിന്ത്യൻ നടിയുമായ സുമലതയാണ് മാണ്ഡ്യയിൽ എതിരാളി. ചിക്കബെല്ലാപുരിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയും രംഗത്തുണ്ട്.
നടൻ പ്രകാശ് രാജ് (ബാംഗ്ലൂർ സെൻട്രൽ), ഉത്തർപ്രദേശിലെ മഥുരയിൽ നടിയും സിറ്റിംഗ് എം.പിയുമായ ഹേമമാലിനി, ഫത്തേപുർ സിക്രിയിൽ യു.പി കോൺഗ്രസ് അദ്ധ്യക്ഷനും നടനുമായ രാജ് ബബ്ബർ, അമ്റോഹയിൽ ജെ.ഡി.എസിൽ നിന്ന് ബി.എസ്.പിയിലെത്തിയ ഡാനിഷ് അലി, ബീഹാറിലെ കത്യാറിൽ മുൻകേന്ദ്രമന്ത്രി എൻ.സി.പി വിട്ട് കോൺഗ്രസിലെത്തിയ താരീഖ് അൻവർ, തമിഴ്നാട്ടിലെ കാരൂരിൽ എ.ഐ.എ.ഡി.എം.കെ നേതാവ് ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ, തൂത്തുക്കുടിയിൽ ഡി.എം.കെ നേതാവ് കനിമൊഴി, നീലഗിരിയിൽ മുൻ കേന്ദ്രമന്ത്രി എ. രാജ, ശിവഗംഗയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, ചെന്നൈ സെൻട്രലിൽ മുൻ കേന്ദ്രമന്ത്രി ദയാനിധി മാരൻ, മഹാരാഷ്ട്രയിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ (നന്ദേഡ്), അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകൾ പ്രിതം മുണ്ടെ (ബീഡ്), മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുശീൽകുമാർ ഷിൻഡെ (സോലാപുർ) എന്നിവരും ഇന്ന് ജനവിധി തേടുന്നു.