ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നോട്ടുനിരോധന അഴിമതി ആരോപണം ശക്തമാക്കി കോൺഗ്രസ് കൂടുതൽ വീഡിയോകൾ പുറത്തുവിട്ടു. ഗുജറാത്തിലെയും മുംബയിലെയും ബി.ജെ.പി നേതാക്കളെയും ഓഫീസുകളും കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകൾ മാറി നൽകുന്ന സ്റ്റിങ് ഓപ്പറേഷൻ ദൃശ്യങ്ങളാണ് എ.ഐ.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ പാർട്ടി നേതാവ് കപിൽ സിബൽ ഇന്നലെ പുറത്തുവിട്ടത്. അഹമ്മബാദിലെ ബി.ജെ.പി ഓഫീസിലും മുംബയിലെ കൃഷിമന്ത്രാലയത്തിലുമായി നടക്കുന്ന ഇടപാടുകളാണ് വീഡിയോയിലുള്ളതെന്ന് കോൺഗ്രസ് അവകാശപ്പെട്ടു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് മോദിയുടെ കാലത്ത് നോട്ടുനിരോധനത്തിലൂടെ നടന്നതെന്ന് വാർത്താസമ്മേളനത്തിൽ കപിൽ സിബൽ ആരോപിച്ചു.
നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് മുൻപ് വിദേശത്ത് മൂന്നു സീരിസിൽ ഒരു ലക്ഷം കോടി വീതം വ്യാജ കറൻസി അച്ചടിച്ച് ഇന്ത്യയിലെത്തിച്ച് വ്യവസായികൾക്കും മറ്റു ഉന്നതർക്കും മാറ്റി നൽകിയതായി കോൺഗ്രസ് നേരത്തേ ആരോപിച്ചിരുന്നു.
ആ ഇടപാടുകളുടേതെന്ന് അവകാശപ്പെടുന്ന വീഡിയോയും കോൺഗ്രസ് പുറത്തുവിട്ടിരുന്നു.