narendra
modi

ന്യൂഡൽഹി: ഒഡിഷയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടർ പരിശോധിച്ച ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. സംബൽപൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ മുഹമ്മദ് മുഹസിനെതിരെയാണ് നടപടി.

എസ്.പി.ജി സുരക്ഷയുള്ളവരെ പരിശോധിക്കേണ്ടെന്ന ചട്ടം ലംഘിച്ചതിനാണ് സസ്പെൻഷനെന്ന് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് പരിശോധന എല്ലാവർക്കും ബാധകമാണെന്നും നിയമം ആരെയും ഒഴിവാക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസുൾപ്പെടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

ഒഡിഷയിലെ സംബൽപുരിൽ ചൊവ്വാഴ്ചയായിരുന്നു മോദിയുടെ ഹെലികോപ്ടർ പരിശോധിച്ചത്. മുഹമ്മദ് മുഹസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി ഹെലികോപ്ടർ പരിശോധിക്കുകയായിരുന്നു. ഒന്നും കണ്ടെത്താനായില്ല. എന്നാൽ അപ്രതീക്ഷിത പരിശോധന പ്രധാനമന്ത്രിയുടെ യാത്ര 15 മിനിട്ട് വൈകിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എസ്.പി.ജി സുരക്ഷയുള്ളവരെ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിരുന്നെന്നും ഇത് അനുസരിക്കാത്ത 1996 ബാച്ച് കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹസിൻ കൃത്യവിലോപമാണ് കാട്ടിയതെന്നും കമ്മിഷൻ വൃത്തങ്ങൾ വിശദീകരിച്ചു

സംബൽപുരിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ ഹെലികോപ്ടർ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നെങ്കിലും അതിനകത്തെ ബ്രീഫ്കേസ് പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് വാർത്തകളുണ്ടായിരുന്നു.
ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെയും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസാമിയുടെയും ഹെലികോപ്ടറുകൾ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.

പ്രധാനമന്ത്രിക്ക് ഇളവ്

....................................................

ഔദ്യോഗിക വാഹനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ അതുമായി ബന്ധപ്പെട്ട യാത്രയ്ക്കോ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇതിൽ പ്രധാനമന്ത്രി, അതീവ സുരക്ഷ ആവശ്യമുള്ള രാഷ്ട്രീയക്കാർ എന്നിവർക്ക് ഇളവുണ്ട്. എന്നാൽ ഈ ഇളവ് ദുരുപയോഗിച്ചാൽ കമ്മിഷന് ഇടപെടാനാകും.

കറുത്ത പെട്ടി

..................................

കർണാടകയിലെ ചിത്രദുർഗയിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദിയുടെ ഹെലികോപ്ടറിൽ നിന്ന് ഒരു കറുത്ത പെട്ടി ഇന്നോവ കാറിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് രാഷ്ട്രീയ വിവാദമായി മാറി. വാഹനവ്യൂഹത്തിന്റെ ഭാഗമല്ലാതിരുന്ന ഒരു വാഹനത്തിൽ പെട്ടി കടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തുടർന്ന് നേതാക്കളുടെ ഹെലികോപ്ടറും പെട്ടിയും ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു.

പ്രധാനമന്ത്രിയുടെ വാഹനവും പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ നിയമമില്ല. രാജ്യം കാണരുതെന്നാഗ്രഹിക്കുന്ന എന്താണ് മോദി ഹെലികോപ്ടറിൽ കൊണ്ടുപോകുന്നത്?

കോൺഗ്രസ്