ന്യൂഡൽഹി: മോദി സേന പരാമർശം നടത്തിയ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മുക്താർ അബ്ബാസ് നഖ്‌വിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. രാഷ്ട്രീയ ലക്ഷ്യം വച്ച് സേനയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ കമ്മിഷൻ ഭാവിയിൽ ജാഗ്രത പുലർത്തണമെന്ന കർശന നിർദ്ദേശവും നൽകി.
ഏപ്രിൽ മൂന്നിന് ഉത്തർപ്രദേശിലെ രാംപുരിൽ ബി.ജെ.പി സ്ഥാനാർത്ഥി ജയപ്രദയുടെ പ്രചാരണപരിപാടിയിൽ സംസാരിക്കവയൊണ് വിവാദ പരാമർശം നടത്തിയത്. പാകിസ്ഥാനിലെ തീവ്രവാദികൾക്ക് മോദി സേന ശക്തമായ മറുപടി നൽകിയെന്നും എന്നാൽ കോൺഗ്രസും എസ്.പിയും ബി.എസ്.പിയും മോദിസേനയുടെ ആക്രമണത്തിന് തെളിവ് ചോദിക്കുകയാണെന്നുമായിരുന്നു പരാമർശം. നഖ്‌വി മാതൃകാപെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തുടർന്ന് കമ്മിഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടിയിൽ മോദി സേന പരാമർശം നടത്തിയതായി നഖ്‌വി സമ്മതിച്ചിരുന്നു. മോദി സേന പരാമർശം നടത്തിയതിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കമ്മിഷൻ നേരത്തേ താക്കീത് നൽകിയിരുന്നു.