shoe
SHOE

ന്യൂഡൽഹി: ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിനിടെ ബി.ജെ.പി വക്താവും രാജ്യസഭാ എം.പിയുമായ ജി.വി.എൽ. നരസിംഹ റാവുവിനെതിരെ ഷൂ ഏറ്. ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ ഡോ. ശക്തി ഭാർഗവാണ് ഷൂ എറിഞ്ഞത്. മാലേഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞാ സിംഗ് താക്കൂറിനെ ഭോപ്പാലിൽ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് നരസിംഹ മറുപടി പറയവെയായിരുന്നു മാദ്ധ്യമപ്രവർത്തകർക്കിടയിൽ ഇരുന്ന ഭാർഗവ് ഷൂ എറിഞ്ഞത്. ഷൂ നരസിംഹയുടെ ദേഹത്ത് കൊണ്ടില്ല. ഉടനേ ജീവനക്കാർ ഇയാളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി മീഡിയാ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. ഉച്ചയോടെ നടന്ന വാർത്താസമ്മേളനത്തിൽ ബി.ജെ.പി നേതാവ് ഭൂപേന്ദ്രർ യാദവും പങ്കെടുത്തിരുന്നു. ഷൂ എറിഞ്ഞത് കോൺഗ്രസ് അനുഭാവിയാണെന്നും നടപടി അപലപനീയമാണെന്നും നരസിംഹ പ്രതികരിച്ചു.

പൊലീസിന് കൈമാറിയ ഇയാളെ ഐ.ബി, ഡൽഹി പൊലീസ് സ്പെഷ്യൽ വിംഗ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഷൂ എറിഞ്ഞതിന്റെ കാരണം വ്യക്തമല്ല. ഇയാൾ ബി.ജെ.പി ഓഫീസിൽ കഴിഞ്ഞ കുറച്ചുദിവസമായി സ്ഥിരമായി എത്താറുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.