election
election

ന്യൂഡൽഹി: രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഇന്നലെ വോട്ടിംഗ് മെഷീനിലും വിവി പാറ്റ് യന്ത്രത്തിലും തകരാർ പലയിടത്തും റിപ്പോർട്ട് ചെയ്തു. വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം ഒഡിഷയിലെ നാലു ബൂത്തുകളിൽ റിപോളിംഗിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. പശ്ചിമബംഗാൾ, ബീഹാർ, മണിപ്പൂർ എന്നിവിടങ്ങളിൽ അക്രമവും അരങ്ങേറി. പശ്ചിമ ബംഗാളിലെ റായ്ഗഞ്ചിൽ സി.പി.എം എം.പിയും സ്ഥാനാർത്ഥിയുമായ മുഹമ്മദ് സലീമിനെ ആക്രമിച്ച് പരിക്കേല്പിച്ചു.

തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ - ബി.ജെ.പി സഖ്യവും ഡി.എം.കെ, കോൺഗ്രസ്, ഇടത് പാർട്ടികളുടെ സഖ്യവുമാണ് നേർക്കുനേർ മാറ്റുരയ്ക്കുന്നത്. കമലഹാസന്റെ മക്കൾ നീതി മയ്യം, ടി.ടി.വി. ദിനകരന്റെ എ.എം.എം.കെ എന്നിവരാണ് മറ്റ് പ്രമുഖ കക്ഷികൾ.

രജനികാന്ത് ചെന്നൈ സ്റ്റെല്ലാ മേരി കോളേജിൽ വോട്ട് രേഖപ്പെടുത്തി. കമലഹാസൻ മകൾ ശ്രുതി ഹാസനോടൊപ്പം ചെന്നൈ ആൽവാർപേട്ട് കോർപറേഷൻ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരം ശിവഗംഗ മണ്ഡലത്തിലെ കാരൈക്കുടിയിലും ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ തെയ്‌നാപേട്ടിലും വോട്ടിട്ടു. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ബംഗളൂരു സൗത്തിലെ ജയാനഗർ പോളിംഗ് ബൂത്തിലാണ് വോട്ട് ചെയ്തത്.

വിധിയെഴുതിയത്

95 മണ്ഡലങ്ങളിൽ

11 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണപ്രദേശവും ഉൾപ്പെടെ 95 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. തമിഴ്നാട് (38), കർണാടക (14) ഉത്തർപ്രദേശ് (8), മഹാരാഷ്ട്ര (10), അസാം (5), ബീഹാർ (5), ഒഡിഷ (5), ബംഗാൾ (3), ഛത്തീസ്ഗഡ് (3), ജമ്മുകാശ്മീർ (2), മണിപ്പൂർ (1), പുതുച്ചേരി (1) എന്നിങ്ങനെയാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയായ മണ്ഡലങ്ങൾ.