ന്യൂഡൽഹി: ആർ.എസ്.എസിനെയും ബി.ജെ.പിയെയും വിമർശിച്ചുള്ള സി.പി.ഐയുടെ തിര‌ഞ്ഞെടുപ്പ് പ്രചാരണ സന്ദേശത്തിന് ദൂരദർശൻ സംപ്രേഷണാനുമതി നിഷേധിച്ചതായി സി.പി.ഐ ദേശീയ കൗൺസിൽ അംഗം ബിനോയ‌് വിശ്വം എം.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിക്കെതിരായ വിമർശനം ഒഴിവാക്കിയാൽ അനുമതി നൽകാമെന്ന ദൂരദർശന്റെ നിലപാട‌് സി.പി.ഐ അംഗീകരിച്ചില്ല. ബി.ജെ.പിക്കെതിരായ വിമർശനം ഒഴിവാക്കി പ്രസംഗം അവതരിപ്പിക്കേണ്ടെന്നാണ് തീരുമാനം. സന്ദേശം നൽകുന്നതിന‌് സി.പി.ഐക്ക് അഞ്ചുമിനിട്ടായിരുന്നു അനുവദിച്ചത്. സന്ദേശം മുൻകൂട്ടി എഴുതി നൽകിയിരുന്നു. ഇതിൽ ആർ.എസ്.എസിനെയും ബി.ജെ.പിയെയും വിമർശിക്കുന്ന മുഴുവൻ ഭാഗങ്ങളും ദൂരദർശൻ അധികൃതർ ഒഴിവാക്കിയശേഷമാണ‌് സന്ദേശം അവതരിപ്പിക്കാനെത്തിയ തനിക്ക് അനുമതി നൽകിയത്. സംഭവത്തിൽ ദൂരദർശൻ അധികൃതരുടെ വിശദീകരണം എഴുതി വാങ്ങിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതേ പ്രസംഗം ചെറിയ മാറ്റങ്ങളോടെ ആകാശവാണി റെക്കാഡ് ചെയ്തിട്ടുണ്ട്. 25ന‌് പ്രക്ഷേപണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും ബി.ജെ.പി സർക്കാർ കൈയടക്കിവച്ചു നിയന്ത്രിക്കുകയാണെന്നും രാഷ്ട്രീയ വിമർശനങ്ങൾ ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും സി.പി.ഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പറഞ്ഞു.