election-2019
election 2019

 മൂന്നാംഘട്ടത്തിൽ 21 % സ്ഥാനാർത്ഥികൾക്കെതിരെ ക്രിമിനൽകേസുകൾ

ന്യൂഡൽഹി: രാഷ്ട്രീയ ക്രിമിനൽ വത്കരണത്തിൽ സുപ്രീംകോടതി പങ്കുവച്ച ആശങ്ക ശരിവയ്ക്കുന്ന തരത്തിലാണ് ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികളുടെ എണ്ണം ഓരോഘട്ടത്തിലും വർദ്ധിക്കുന്നത്. കേരളമുൾപ്പെടെയുള്ള 14 സംസ്ഥാനങ്ങളിലെ 115 മണ്ഡലങ്ങളിൽ ഏപ്രിൽ 23ന് നടക്കുന്ന മൂന്നാംഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നവരിൽ 21% പേർക്കെതിരെയും ക്രിമിനൽകേസുണ്ടെന്നാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ കണ്ടെത്തൽ. മൂന്നാംഘട്ടത്തിൽ ആകെയുള്ള 1594 സ്ഥാനാർത്ഥികളിൽ 340 പേർക്ക് എതിരെയും ക്രിമിനൽ കേസുകളുണ്ട്.. ഇവരിൽ 230 പേർക്കെതിരെയും കൊലപാതകം,വധശ്രമം,തട്ടിക്കൊണ്ടുപോകൽ തുടങ്ങി

ഗുരുതര കുറ്റങ്ങളാണുള്ളത്.

20 സംസ്ഥാനങ്ങളിലായി നടന്ന ആദ്യഘട്ടത്തിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ 17 ശതമാനം പേരുംക്രിമിനൽ കേസുള്ളവരായിരുന്നു. 213 പേർ. ഇതിൽ തന്നെ 146 സ്ഥാനാർത്ഥികൾക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളുണ്ടായിരുന്നു.രണ്ടാംഘട്ടത്തിലും ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികളുടെ എണ്ണം ഒട്ടുംകുറവല്ല.

11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 95 മണ്ഡലങ്ങളിലായി മത്സരിച്ച 1590 സ്ഥാനാർത്ഥികളിൽ 16 ശതമാനം പേർക്കെതിരെയും ക്രിമിനൽ കേസുണ്ട്. രണ്ടു ഘട്ടങ്ങളിലുമായി ജനവിധി തേടിയ 2856 പേരിൽ ആകെ 464 പേർ ക്രിമിനൽ കേസ് പ്രതികളാണ്.ഇക്കാര്യത്തിൽ മൂന്നുഘട്ടത്തിലും കോൺഗ്രസാണ് മുന്നിലെന്ന് കണക്കുകൾ പറയുന്നു. രണ്ടാംഘട്ടത്തിൽ ഒഡിഷയിലെ സുന്ദർഗർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജോർജ്ജ് ടി‌ർക്കെയ്ക്കെതിരെയുള്ളത് 41 ക്രിമിനൽ കേസുകളാണ്. യു.പിയിലെ ബുലന്ദ് ഷെഹറിലെ ബി.എസ്.പി സ്ഥാനാർത്ഥി യോഗേഷ് വർമ്മയ്ക്കായിരുന്നു രണ്ടാംസ്ഥാനം. 28.

ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികളുടെ എണ്ണം

ഒന്നാംഘട്ടം - 213 (17 ശതമാനം)

രണ്ടാംഘട്ടം - 251 (16 ശതമാനം)

മൂന്നാംഘട്ടം - 340 (21 ശതമാനം)

കേസ് ചാർട്ട് - പാർട്ടി തിരിച്ച്


ഒന്നാംഘട്ടം

കോൺഗ്രസ് - 35

ബി.ജെ.പി - 30

ബി.എസ്.പി - 8

വൈ.എസ്.ആർ.കോൺഗ്രസ് - 13

ടി.ആർ.എസ് - 5

ടി.ഡി.പി - 4


രണ്ടാംഘട്ടം

........................

കോൺഗ്രസ് -23

ബി.ജെ.പി 16

ബി.എസ്.പി 16

ഡി.എം.കെ 11

സി.പി.എം -5

ശിവസേന -4

തൃണമൂൽ കോൺഗ്രസ് -4

ജെ.ഡി.യു 4

എ.ഐ.എ.ഡി.എം.കെ -3

മൂന്നാംഘട്ടം

.......................................

കോൺഗ്രസ് - 40

ബി.ജെ.പി - 38

ബി.എസ്.പി - 16

സി.പി.എം -11

ശിവസേന -7

എൻ.സി.പി - 6

എസ്.പി -5

തൃണമൂൽ കോൺഗ്രസ് - 4

മൂന്നാംഘട്ടം ഒറ്റനോട്ടത്തിൽ

സ്ഥാനാർത്ഥികൾ - 1594

ക്രിമിനൽ കേസുള്ളവർ - 340.

ഗുരുതര ക്രിമിനൽ കേസ് - 230.

കൊലപാതകകേസുള്ളവർ - 13

വധശ്രമം- 30

തട്ടിക്കൊണ്ടുപോകൽ -14

സ്ത്രീകൾക്കെതിരായ കുറ്റകൃത്യം - 29

വിദ്വേഷ പ്രസംഗം - 26