ന്യൂഡൽഹി : കോൺഗ്രസ് ദേശീയ വക്താവും എ.ഐ.സി.സി കമ്മ്യൂണിക്കേഷൻ കൺവീനറുമായ പ്രിയങ്ക ചതുർവേദി പാർട്ടി വിട്ട് ശിവസേനയിൽ ചേർന്നു. തന്നോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് രാജി.
ദേശീയവക്താവായിരുന്ന ടോം വടക്കൻ ബി.ജെ.പിയിൽ ചേക്കേറിയതിന് പിന്നാലെ, മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കോൺഗ്രസിന്റെ സജീവ മുഖമായിരുന്ന പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടത് കോൺഗ്രസിന് ക്ഷീണമായി.
കോൺഗ്രസിൽ തുടർന്നാൽ തന്റെ ആത്മാഭിമാനത്തിനും അന്തസിനും വില നൽകേണ്ടിവരുമെന്ന് രാഹുൽ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ പ്രിയങ്ക പറഞ്ഞു. സ്ത്രീ സുരക്ഷ, അന്തസ് എന്നിവ പ്രോത്സാഹിപ്പിക്കണമെന്ന് പറയുമ്പോഴും കോൺഗ്രസ് അംഗങ്ങളുടെ പ്രവർത്തനത്തിൽ അത് പ്രതിഫലിക്കുന്നില്ല. തന്നോട് അപമര്യാദയായി പെരുമാറിയവരെയാണ് തിരിച്ചെടുത്തത്. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും പിന്തുണവേണമെന്ന പേരിൽ ഇവരെ തിരിച്ചെടുത്ത് തന്നെ അപമാനിച്ചതോടെ രാജിവയ്‌ക്കുകയാണെന്നും പ്രിയങ്ക കത്തിൽ വ്യക്തമാക്കി.
മുംബയിൽ ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പ്രിയങ്ക ശിവസേനയിൽ ചേർന്നത്. ആദിത്യ താക്കറെ
പൂച്ചെണ്ട് നൽകിയശേഷം പ്രിയങ്കയുടെ കൈയിൽ രാഖി കെട്ടിയാണ് സ്വാഗതം ചെയ്‌തത്.
ലോക്‌സഭാ സീറ്റ് നിഷേധിച്ചതുകൊണ്ടല്ല പാർട്ടി വിട്ടതെന്ന് പ്രിയങ്ക പറഞ്ഞു.
തിരിച്ചെടുത്തവർ തെമ്മാടികൾ
യു.പിയിലെ മഥുരയിൽ വാർത്താസമ്മേളനത്തിനിടെ എ.ഐ.സി.സി അംഗം ഉൾപ്പെടെയുള്ള നേതാക്കൾ മോശമായി പെരുമാറിയെന്ന് പ്രിയങ്ക ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. തുടർന്ന് എട്ടുപേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കളെ പുറത്തുനിറുത്തുന്നത് ഗുണകരമല്ലെന്ന നിലപാടിൽ എ.ഐ.സി.സി അംഗം അശോക് സിംഗ് ചക്‌ലേശ്വർ ഉൾപ്പെടെയുള്ള നേതാക്കളെ തിരിച്ചെടുക്കുകയായിരുന്നു. ഇതിൽ അതൃപ്തി പരസ്യമാക്കിയ പ്രിയങ്ക തിരിച്ചെടുത്തവർ തെമ്മാടികളാണെന്ന് വ്യാഴാഴ്ച തന്നെ ട്വീറ്റ് ചെയ്തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുംബയിലോ യു.പിയിലെ മഥുരയിലോ മത്സരിക്കാൻ പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. മുംബയ് നോർത്തിൽ ബോളിവുഡ് നടി ഊർമിള മഥോണ്ഡ്കറിനെയും മഥുരയിൽ മഹേഷ് പഥക്കിനെയും കോൺഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു.