ന്യൂഡൽഹി: കുടുംബത്തോടൊപ്പം ഹരിദ്വാർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ, ട്രെയിനിൽനിന്നുവീണ് മലയാളി വനിത ഡോക്ടർ മരിച്ചു. പട്ടിക്കാട് പാണഞ്ചേരി കീരൻകുളങ്ങര വാരിയത്ത് ശേഖര വാര്യരുടെയും പത്മിനി വാരസ്യാരുടെയും മകളും രുദ്രകുമാറിന്റെ ഭാര്യയുമായ ഡോ. തുളസിയാണ് (57) മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെ വാതിൽക്കൽ നിന്നിരുന്ന തുളസി വെളിയിലേക്ക് തെന്നിവീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇളയ മകൾ കാർത്തികയ്ക്കും ഭർത്താവ് പ്രശോഭിനും പ്രശോഭിന്റെ മാതാപിതാക്കൾക്കുമൊപ്പം വിഷു ആഘോഷിക്കാൻ കഴിഞ്ഞ ഞായറാഴ്ചയാണ് ഡോ.തുളസിയും ഭർത്താവ് എടക്കുന്നി വാരിയം ഇ. രുദ്രകുമാറും (റിട്ട. ജോയിന്റ് ഡയറക്ടർ,ജലസേചന വകുപ്പ് )

ഡൽഹിയിലെത്തിയത്. വാതിലിനോട് ചേർന്നുള്ള സീറ്റിലാണ് തുളസി ഇരുന്നത്. ട്രെയിൻ സ്റ്റേഷനിലെത്താറായപ്പോൾ എഴുന്നേറ്റ തുളസി ബാഗുമായി വാതിൽക്കലേക്ക് നീങ്ങി നിൽക്കവേ കാൽതെന്നി വീഴുകയായിരുന്നു. ട്രെയിനിൽ വച്ച് ബാഗ് തട്ടിയെടുത്ത കവർച്ചക്കാർ തുളസിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ആദ്യം വാർത്ത പരന്നത്. ഡൽഹിയുടെ ഒരു ഉപനഗരമായി കണക്കാക്കുന്ന ഗുഡ്ഗാവിലുള്ള കാർത്തികയുടെ വീട്ടിൽ നിന്നാണ് തുളസിയും മറ്റുള്ളവരും ഹരിദ്വാറിലേക്ക് പോയത്.

മൃതദേഹം ഇന്നു ഇന്ന് പുലർച്ചയോടെ നാട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മൂത്തമകൾ കരിഷ്മ (യു.എസ്.എ). മരുമകൻ: അലക്‌സ് (യു.എസ്.എ). സഹോദരൻ: പരേതനായ ഉണ്ണിക്കൃഷ്ണൻ.

വിടവാങ്ങിയത് ജനകീയ ഡോക്ടർ
30 വർഷമായി പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ തറവാട് വീടിനോട് ചേർന്ന് അലോപ്പതി ക്ലിനിക് നടത്തിവരികയാണ് ഡോ. തുളസി. വെറും 50 രൂപയാണ് ചികിത്സയ്ക്കായി രോഗികളിൽ നിന്ന് ഈടാക്കിയിരുന്നത്. പണം കൈയിലില്ലെങ്കിലും ഒന്നും പറയാതെ, യാതൊരു വിഷമവുമില്ലാതെ ചികിത്സ ലഭ്യമാക്കും. എല്ലാ രോഗികളോടും പുഞ്ചിരി തുളുമ്പുന്ന പെരുമാറ്റവും സ്‌നേഹവായ്പുമുണ്ടായിരുന്നു. അങ്ങനെ പാണഞ്ചേരിയുടെ ജനകീയ ഡോക്ടറായ അവർ നാട്ടുകാർക്ക് പ്രിയങ്കരിയായി. രോഗവുമായെത്തുന്ന മിക്കവരുടെയും പേരും പ്രാഥമിക വിവരങ്ങളും ഡോക്ടർക്ക് മന:പാഠമായിരുന്നു.