aam-aadmi-party
aam aadmi party

യു.ഡി.എഫിനെ പിന്തുണച്ച സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠന് സസ്പെൻഷൻ

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫിന് പിന്തുണ നൽകാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചു. ദേശീയ നേതൃത്വത്തിന്റെ അറിവില്ലാതെ കേരളത്തിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠനെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതായും കേരളത്തിന്റെ ചുമതലയുള്ള ആംആദ്മി നേതാവ് സോം നാഥ് ഭാരതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആക്ടിംഗ് കൺവീനർ ചുമതല സംസ്ഥാന സെക്രട്ടറി പി.ടി തുഫൈൽ വഹിക്കും.

കേരളത്തിൽ ഉപാധികളില്ലാതെ എല്ലാ ഇടത് സ്ഥാനാർത്ഥികളെയും പിന്തുണയ്ക്കും. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സോംനാഥ് ഭാരതി പറഞ്ഞു.

കേരളത്തിൽ 11 സീറ്റുകളിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സി.ആർ നീലകണ്ഠനോട് പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കേജ്‌രിവാൾ വിശദീകരണം തേടിയിരുന്നു. രാഷ്ട്രീയകാര്യ സമിതിയുടെ അറിവില്ലാതെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് കടുത്ത അച്ചടക്കലംഘനമാണെന്ന് ദേശീയ നേതൃത്വം വിലയിരുത്തി. വോട്ട് കച്ചവടത്തിനുള്ള നീക്കമാണെന്ന ആരോപണവും ഗൗരവമായി പരിഗണിച്ചു.

കാസർകോഡ്, കണ്ണൂർ, വയനാട്,കോഴിക്കോട്, പൊന്നാനി, ആലത്തൂർ, പാലക്കാട്, തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളിൽ ആപ് യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നാണ് സി.ആർ നീലകണ്ഠൻ പ്രഖ്യാപിച്ചത്.

ഡൽഹിയിൽ ആപ്പിന് സി.പി.എം പിന്തുണ

ഡൽഹിയിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ സി.പി.എം പിന്തുണയ്ക്കുമെന്ന് പോളിറ്റ്ബ്യൂറോ അംഗം നീലോത്പൽ ബസു പറഞ്ഞു. ആം ആദ്മി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും.ദേശീയ തലത്തിൽ മഹാസഖ്യം സാദധ്യമല്ലെന്ന് മുമ്പേ സി.പി.എം വ്യക്തമാക്കിയിരുന്നെന്നും ബി.ജെ.പിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലാണ് ധാരണയുണ്ടാക്കുന്നതെന്നും നീലോത്പൽ ബസു പറഞ്ഞു.