supreme-court

ന്യൂഡൽഹി: മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയിൽ സുപ്രീംകോടതിയിൽ നടന്ന അസാധാരണ സിറ്റിംഗിൽ ആരോപണവിധേയനായ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പങ്കെടുത്തതിനെ വനിതാ അഭിഭാഷകരായ ഇന്ദിരാ ജയ്സിംഗും വൃന്ദ ഗ്രോവറും വിമർശിച്ചു. ആരോപണവിധേയൻ തന്നെ തനിക്കെതിരെയുള്ള പരാതി പരിഗണിക്കുന്നത് നീതിയുക്തമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആ ബെഞ്ചിന്റെ ഭാഗമാകാൻ പാടില്ലായിരുന്നെന്ന് ഇന്ദിര ജയ്സിംഗ് പറഞ്ഞു. കേന്ദ്ര സർക്കാർ പ്രതിനിധിയായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ചീഫ്ജസ്റ്റിസിനെ അനുകൂലിച്ചതും തെറ്റാണ്. കേന്ദ്രസർക്കാർ ശക്തമായാണ് ചീഫ്ജസ്റ്റിസിനെ പിന്തുണച്ചത്. ചീഫ്ജസ്റ്റിസിനെതിരായ മുൻ ജീവനക്കാരിയുടെ പരാതിയിൽ കേന്ദ്രസ‌ർക്കാരിന് എന്ത് കാര്യമാണുള്ളത്. ഇത്തരം കേസിൽ അറ്റോർണിജനറൽ എന്തിനാണ് ഹാജരായത്. കേന്ദ്രസർക്കാരിനെതിരായ കേസ് പരിഗണിക്കുന്നതിൽ നിന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സ്വയംവിട്ടുനിൽക്കണമെന്നും ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു.

ആരോപണവിധേയർ തങ്ങൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കരുതെന്നത് അടിസ്ഥാന പ്രമാണമാണെന്ന് വൃന്ദഗ്രോവർ പറഞ്ഞു. രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡിഷ്യൽ ഓഫീസർക്കെതിരെയാണ് ലൈംഗികാതിക്രമ പരാതി ഉയർന്നത്. നീതിലഭിക്കാനുള്ള പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കാനും ജനങ്ങളുടെ ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനും ചീഫ്ജസ്റ്റിസ് വിഷയം പരിഗണിക്കാതിരിക്കുക എന്നത് അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.

തനിക്കെതിരായ ആരോപണങ്ങളിൽ ഉത്തരവിറക്കുന്നതിൽ നിന്ന് ചീഫ്ജസ്റ്റിസ് വിട്ടുനിന്നെങ്കിലും വിഷയം പരിഗണിച്ച ബെഞ്ചിന് അദ്ദേഹം നേതൃത്വം നൽകിയത് ശരിയല്ലെന്ന് കഴിഞ്ഞദിവസം മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും വ്യക്തമാക്കിയിരുന്നു. പ്രത്യേക സിറ്റിംഗിൽ മറുഭാഗം പറയാൻ പരാതിക്കാരിയില്ലാതിരിക്കെ, ചീഫ്ജസ്റ്റിസ് ആരോപണങ്ങൾ നിഷേധിച്ച് സ്വന്തംഭാഗം വിശദീകരിക്കുകയായിരുന്നു. ഇത് ശരിയല്ലെന്നും സുപ്രീംകോടതിയിലെ പീഡനപരാതികൾ പരിഗണിക്കാനായി ചീഫ്ജസ്റ്റിസ് നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷയായ ജസ്റ്റിസ് ഇന്ദുമൽഹോത്രപോലും ബെഞ്ചിലുണ്ടായിരുന്നില്ലെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ചീഫ്ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുണ്ടായാൽ അത് കൈകാര്യം ചെയ്യാനുള്ള നടപടിക്രമങ്ങളെന്താണെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.