ന്യൂഡൽഹി: റാഫേൽ കേസിൽ കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന തന്റെ പരാമർശം തിരഞ്ഞെടുപ്പ് ചൂടിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സത്യവാങ്‌മൂലം സമർപ്പിച്ചു. കോടതി അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഉത്തരവിനെ നിഷേധിക്കാനോ, വിലകുറച്ച് കാണാനോ, നടപടികളിൽ ഇടപെടാനോ ശ്രമിച്ചതല്ലെന്നും രാഷ്‌ട്രീയ എതിരാളികൾ പ്രസ്‌താവന വളച്ചൊടിച്ചതാണെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. പ്രസ്‌താവനയ്‌ക്കെതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി നൽകിയ ഹർജിയിൽ രാഹുലിന് സുപ്രീംകോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്നലെ നൽകിയത്.
റാഫേൽ കേസ് വിധി പുനഃപരിശോധിക്കാനുള്ള ഹർജിയിൽ തെളിവുകൾ സ്വീകരിക്കാമെന്ന് ഏപ്രിൽ 10ന് ഉത്തരവ് വന്നപ്പോൾ താൻ അമേതിയിൽ പത്രികാ സമർപ്പണത്തിനുള്ള യാത്രയിലായിരുന്നു. മാദ്ധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ കോടതി ഉത്തരവ് കാണാതെയും പഠിക്കാതെയുമാണ് പ്രസ്‌താവന നടത്തിയത്. പ്രചാരണത്തിരക്കിൽ അബദ്ധത്തിൽ സംഭവിച്ചു പോയതാണ്.
കാവൽക്കാരൻ കള്ളൻ എന്ന മുദ്രാവാക്യം പാർട്ടി പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. കോടതി നടപടികൾ സംബന്ധിച്ച് പ്രവർത്തകരും ആക്ടിവിസ്‌റ്റുകളും സമൂഹമാദ്ധ്യമങ്ങളിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങളും തന്നെ സ്വാധീനിച്ചു. അന്നു വൈകിട്ട് ബീഹാറിലെ കത്തിഹാറിലും സമാനമായ പ്രസ്‌താവന നടത്തിയിരുന്നു.
കോടതി പറയാത്തതും ഉദ്ദേശിക്കാത്തതുമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി രാഷ്‌ട്രീയവത്‌കരിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാൽ മനഃപൂർവം പറഞ്ഞതാണെന്ന നിലയിൽ രാഷ്‌ട്രീയ എതിരാളികൾ പ്രചാരണം നടത്തി. പുതിയ തെളിവുകൾ സ്വീകരിക്കാനുള്ള കോടതിയുടെ തീരുമാനം റാഫേൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുന്നവരുടെ വിജയമാണെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.
രാഹുൽ കോടതിയുടെ പേരിൽ നടത്തിയ പ്രസ്‌താവന വാസ്‌തവ വിരുദ്ധമാണെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു. അറ്റോർണി ജനറൽ എതിർപ്പു പ്രകടിപ്പിച്ച ചില രേഖകളുടെ സ്വീകാര്യത പരിശോധിക്കുക മാത്രമാണ് കോടതി അന്നു ചെയ്‌തത്. രാഹുൽ മാദ്ധ്യമങ്ങളിലൂടെയും മറ്റും കോടതിയുടെ പേരിൽ നടത്തിയ പ്രസ്‌താവന തെറ്റാണെന്നും വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെടുകയും ചെയ്തു.
മാപ്പു പറയണം: ബി.ജെ.പി
കോടതിയുടെ പേരിൽ കളവു പറഞ്ഞ രാഹുൽ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. റാഫേൽ ഇടപാടിന്റെ പേരിൽ കളവും വിവാദങ്ങളും സൃഷ്‌ടിക്കാനുള്ള തന്ത്രം ഇതോടെ പുറത്തായി. കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടുകൊണ്ട് തല കുനിക്കേണ്ടി വന്നെന്നും ബി.ജെ.പി വക്താവ് ജി.വി.എൽ. നരസിംഹറാവു പറഞ്ഞു.
വിശ്വാസ്യത നഷ്ടപ്പെട്ടു: നിർമ്മല
പൊതുജനങ്ങൾക്കിടയിൽ രാഹുൽ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. പൊതുജീവിതം നയിക്കുന്ന വ്യക്തി നിരന്തരം കള്ളങ്ങൾ പറയുന്നത് കഷ്ടമാണ്. ഒരു ദേശീയ പാർട്ടിയുടെ അദ്ധ്യക്ഷൻ ഇത്തരത്തിൽ കള്ളങ്ങളെ ആശ്രയിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു. നിർമ്മല പറഞ്ഞു.
ജനകീയവിധി 23ന്
''താമരമുദ്രയുള്ള കാവൽക്കാരൻ കള്ളൻ തന്നെയാണെന്ന് ജനകീയ കോടതി മെയ് 23-ന് തീരുമാനിക്കും. നീതി നടപ്പാകും. പാവപ്പെട്ടവരെ കൊള്ളയടിച്ച് അതിന്റെ നേട്ടം തന്റെ സമ്പന്ന സുഹൃത്തുക്കൾക്ക് നൽകിയ ഈ കാവൽക്കാരൻ ശിക്ഷിക്കപ്പെടും"- രാഹുൽ ട്വിറ്ററിൽ കുറിച്ചത്.