ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷയുമായ ഷീലാദീക്ഷിത് നോർത്ത് ഈസ്‌റ്റ് ഡൽഹി മണ്ഡലത്തിലും മുൻ പി.സി.സി അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ അജയ് മാക്കൻ ന്യൂഡൽഹിയിലും കോൺഗ്രസ് സ്ഥാനാർത്ഥികളാകും. ആംആദ്‌മി പാർട്ടിയുമായുള്ള സഖ്യ സാദ്ധ്യതകൾ പൂർണമായി അടഞ്ഞതിനു പിറകെയാണ് ഏഴ് സീറ്റുള്ള ഡൽഹിയിൽ ആറു സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്.
മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ മത്സരിക്കുമെന്ന് കരുതിയ ചാന്ദ്നി ചൗക്കിൽ ജെ.പി. അഗർവാൾ, ബി.ജെ.പിയിൽ നിന്ന് തിരിച്ചെത്തിയ മറ്റൊരു മുൻ പി.സി.സി അദ്ധ്യക്ഷനും ഡൽഹി മുൻ മന്ത്രിയുമായ അർവിന്ദർ കുമാർ ലവ്‌ലി ഈസ്‌റ്റ് ഡൽഹിയിൽ, സംവരണമണ്ഡലമായ നോർത്ത് വെസ്‌റ്റ് ഡൽഹിയിൽ വർക്കിംഗ് പ്രസിഡന്റ് രാജേഷ് ലിലോത്തിയ, വെസ്‌റ്റ് ഡൽഹിയിൽ മഹാബൽ മിശ്ര എന്നിങ്ങനെയാണ് സ്ഥാനാർത്ഥി പട്ടിക.
വെസ്‌റ്റ് ഡൽഹിയിൽ മഹാബൽ മിശ്രയെ സ്ഥാനാർത്ഥിയാക്കാൻ അദ്ദേഹത്തിന്റെ അനുയായികൾ കഴിഞ്ഞ ദിവസം എ.ഐ.സി.സി ആസ്ഥാനത്ത് പ്രകടനം നടത്തിയിരുന്നു. അതേസമയം മുതിർന്ന നേതാവ് രാജ്കുമാർ ചൗഹാന്റെ പ്രതിഷേധം വകവയ്‌ക്കാതെ നോർത്ത് വെസ്‌റ്റ് സീറ്റ് രാജേഷ് ലിലോത്തിയയ്ക്ക് നൽകിയതും ശ്രദ്ധേയമാണ്. സിക്ക് കൂട്ടക്കൊല കേസിൽ പ്രതിയായ സജ്ജൻ കുമാറിന്റെ സഹോദരൻ രമേശ്കുമാർ സൗത്ത് ഡൽഹിയിൽ സ്ഥാനാർത്ഥിയായി പരിഗണിപ്പെട്ടിരുന്നെങ്കിലും സിക്ക് വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് തീരുമാനം മരവിപ്പിച്ചതായി സൂചനയുണ്ട്.
ബി.ജെ.പി നാലു സീറ്റുകളിൽ സിറ്റിംഗ് എം.പിമാരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. നോർത്ത് ഈസ്‌റ്റ് ഡൽഹിയിൽ ഷീലാദീക്ഷിതിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തീവാരിയാണ് എതിരാളി. ചാന്ദ്നിചൗക്കിൽ കേന്ദ്രമന്ത്രി ഹർഷവർദ്ധനും വെസ്‌റ്റ് ഡൽഹിയിൽ പ്രവേശ് വർമ്മയും സൗത്ത് ഡൽഹിയിൽ രമേശ് ബിദുഡിയും വീണ്ടും മത്സരിക്കും.
2014ൽ ഏഴു സീറ്റിലും ജയിച്ച ബി.ജെ.പിക്കെതിരെ ആംആദ്‌മി പാർട്ടിയും കോൺഗ്രസും സഖ്യമുണ്ടാക്കാൻ പലവട്ടം നടത്തിയ ചർച്ചകളിൽ തീരുമാനമായിരുന്നില്ല. ഡൽഹിക്കു പുറമെ പഞ്ചാബിലും ഹരിയാനയിലും സഖ്യം വേണമെന്ന് ആംആദ്‌മി പാർട്ടി ആവശ്യപ്പെട്ടതാണ് പ്രശ്‌നമായത്. മെയ് 12ന് ആറാം ഘട്ടത്തിലാണ് ഡൽഹിയിൽ വോട്ടെടുപ്പ്.