ranjan

 ചീഫ് ജസ്‌റ്റിസിനെ പിന്തുണച്ച് ജീവനക്കാർ

ന്യൂഡൽഹി: മുൻ ജീവനക്കാരിയുടെ ലൈംഗിക പീഡന ആരോപണത്തിൽ അന്വേഷണം നടത്താതെ പ്രത്യേക ബെഞ്ച് രൂപീകരിച്ച സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിയുടെ നടപടി ചോദ്യം ചെയ്‌ത് സുപ്രീംകോടതി ബാർ അസോസിയേഷനും അഡ്വക്കറ്റ് ഓൺ റെക്കാർഡ് അഭിഭാഷക സംഘടനയും രംഗത്ത്. ഫുൾ കോർട്ട് നേതൃത്വത്തിലുള്ള സമിതി പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു സംഘടനകളും പ്രമേയം പാസാക്കി. രാജു രാമചന്ദ്രൻ അടക്കം നിരവധി മുതിർന്ന അഭിഭാഷകരും ചീഫ് ജസ്‌റ്റിസിന്റെ നടപടി ചോദ്യം ചെയ്ത് പ്രസ്‌താവന നടത്തി.

അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നു പറഞ്ഞ ജീവനക്കാരുടെ സംഘടന ചീഫ് ജസ്റ്റിസിന് പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കി. കേന്ദ്ര മന്ത്രി അരുൺ ജൈറ്ലിയും ചീഫ് ജസ്റ്റിസിന് പിന്തുണ അറിയിച്ചിരുന്നു. അതിനിടെ പരാതിയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് അഭിഭാഷകർ രാവിലെ സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തി.

ബാർ അസോസിയേഷൻ പറയുന്നത്:

  ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര സമിതിക്കു വിടാതെ ആരോപണ വിധേയനായ ചീഫ് ജസ്‌റ്റിസ് ഭരണപരമായ അധികാരം ഉപയോഗിച്ച് പ്രത്യേക സിറ്റിംഗ് നടത്തിയത് സാമാന്യ നീതിക്ക് നിരക്കുന്നതല്ല. നിയമപരമായ നടപടിക്രമങ്ങളുടെ ലംഘനമാണത്. സുപ്രീംകോടതി ഫുൾ കോർട്ട് ചേർന്ന് ആവശ്യമായ നടപടി സ്വീകരിക്കണം.

ഒരു കൂട്ടം അഭിഭാഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യാ ചെയർമാന് അയച്ച കത്തിൽ പറയുന്നത്:

 തുറന്ന കോടതിയിലെ നടപടികളിൽ പരാതിയെ ചെറുതാക്കാനും മാദ്ധ്യമങ്ങളെ നിശബ്ദമാക്കാനുമാണ് ചീഫ് ജസ്‌റ്റിസ് ശ്രമിച്ചത്.

 അറ്റോണിജനറലും സോളിസിറ്റർ ജനറലും പരാതിക്കാരിയെ സ്വഭാവഹത്യ ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഇത്തരം നടപടികൾ ന്യായീകരിക്കാനാകില്ല.

 പരാതി ജസ്‌റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതിക്ക് വിടണം.

 ലൈംഗിക പീഡന പരാതി അസാധാരണ സിറ്റിംഗ് നടത്തി പരിഗണിച്ചത് ശരിയായ നടപടി അല്ല. ഫുൾ കോർട് നേതൃത്വം നൽകുന്ന പ്രത്യേക സമിതി പരാതിയിൽ അന്വേഷണം നടത്തണം. - സുപ്രീംകോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷൻ

ലൈംഗിക പീഡന പരാതി സുപ്രീംകോടതിയെ അപകീർത്തിപ്പെടുത്താനായി മനപ്പൂർവം കെട്ടിച്ചമച്ചതാണ് - ജീവനക്കാരുടെ സംഘടന

 മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ: പ്രത്യേക സിറ്റിംഗ് നടത്തുന്നതിന്പകരം ചീഫ് ജസ്‌റ്റിസിന് തന്റെ അഭിപ്രായം പത്രക്കുറിപ്പിലൂടെ അറിയിക്കാമായിരുന്നു. നടപടിക്രമങ്ങൾ പാലിക്കാൻ അദ്ദേഹം ബാദ്ധ്യസ്ഥനാണ്.