വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കാൻ സാദ്ധ്യത മങ്ങുന്നു. വാരണാസി സീറ്റ് ഒഴിച്ചിട്ട് രാഷ്ട്രീയ ആകാംക്ഷ സൃഷ്‌ടിച്ച മഹാസഖ്യം, ക്ളൈമാക്‌സിൽ ആ ഭാഗം ഇങ്ങനെ പൂരിപ്പിച്ചു: കോൺഗ്രസ് വിട്ടുവന്ന ശാലിനി യാദവ് എസ്.പി സ്ഥാനാർത്ഥിയായി മോദിയെ നേരിടും.മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവും വാരണാസി എം.പിയുമായിരുന്ന ശ്യാംലാൽ യാദവിന്റെ മകന്റെ ഭാര്യയാണ് ശാലിനി യാദവ്. ശാലിനിക്കൊപ്പം ഭർത്താവ് അരുൺ യാദവും കോൺഗ്രസ് വിട്ടിട്ടുണ്ട്. 2017-ൽ വാരണാസിയിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റെങ്കിലും ഒരു ലക്ഷത്തിലധികം വോട്ട് ശാലിനി നേടിയിരുന്നു.എസ്.പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ശാലിനിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ, സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി പ്രിയങ്കയെ മത്സരിപ്പിക്കാമെന്ന കോൺഗ്രസിന്റെ മനോഹര സ്വ‌പ‌്നമാണ് എട്ടുനിലയിൽ പൊട്ടിയത്. യു.പിയിലെ ബി.എസ്.പി,എസ്.പി, ആർ.എൽ.ഡി മഹാസഖ്യത്തിൽ എസ്.പിക്കാണ് വാരണാസി സീറ്റ് നൽകിയത്. എന്നാൽ എസ്.പി അവസാന നിമിഷം വരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ മണ്ഡലം ഒഴിച്ചിടുകയായിരുന്നു.മഹാസഖ്യം വാരണാസി ഒഴിച്ചിട്ടതും മത്സരിക്കാൻ തയ്യാറാണെന്ന് പ്രിയങ്ക പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തതോടെയാണ് പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തീപ്പൊരി പോരാട്ട പ്രതീക്ഷ വാനോളമുയർന്നത്. പ്രിയങ്ക വന്നാൽ മഹാസഖ്യം പിന്തുണയ്‌ക്കുമെന്നായിരുന്നു പ്രതീക്ഷ. മഹാസഖ്യ നേതാക്കളുമായി കോൺഗ്രസ് രഹസ്യചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകളും വന്നിരുന്നു. മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുന്നത് രാജ്യത്താകെ കോൺഗ്രസിന് നേട്ടമാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും കോൺഗ്രസ് മൗനം തുടരുകയാണ്.

പ്രിയങ്ക മത്സരിക്കുന്നത് സസ്‌പെ‌ൻസ് ആയിത്തന്നെ നിൽക്കട്ടെയെന്നാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത്. താൻ മത്സരിക്കണോ വേണ്ടയോ എന്ന രാഹുൽ ഗാന്ധി തീരുമാനിക്കട്ടെയെന്ന് പ്രിയങ്ക വയനാട്ടിൽ എത്തിയപ്പോൾ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും തീരുമാനം വൈകിച്ച്, കോൺഗ്രസ് സസ്‌പെൻസ് നീട്ടുന്നതിനിടെയാണ് മഹാസഖ്യം മുൻ കോൺഗ്രസുകാരിയെ രംഗത്തിറക്കി 'തേങ്ങയുടച്ചത്.' ശാലിനി യാദവിന്റെ വരവ് വാരണാസിയിൽ മാത്രമല്ല അടുത്തുള്ള മറ്രു മണ്ഡലങ്ങളിലും മഹാസഖ്യത്തിന് നേട്ടമാകുമെന്ന അഖിലേഷ് യാദവിന്റെ പ്രസ്‌താവന,കോൺഗ്രസുമായി ഇനി വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നതിന്റെ കൂടി സൂചനയാണ്. കഴിഞ്ഞ തവണ കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്ന വാരണാസിയിൽ ഒറ്റയ്‌ക്ക് പ്രിയങ്കയെ നിറുത്തുമോയെന്നാണ് അറിയേണ്ടത്.

നിർണായകമായ നാലുഘട്ട തിരഞ്ഞെടുപ്പ് നടക്കാനുള്ള യു.പിയിലെ മണ്ഡലങ്ങളുടെ ചുമതല കൂടി പ്രിയങ്കയ്‌ക്കുള്ളതിനാൽ ഇനി റിസ്‌ക് എടുക്കാൻ കോൺഗ്രസ് തയ്യാറാകില്ലെന്നാണ് യു.പിയിലെ രാഷ്ട്രീയ വ‌ർത്തമാനം. ഈ മാസം 29 വരെയാണ് നാമനിർദ്ദേശപത്രിക നൽകാനുള്ള സമയം. വോട്ടെടുപ്പ് ഏറ്രവും അവസാനഘട്ടമായ മേയ് 19-ന്. വാരണാസിയിൽ പ്രിയങ്ക വരുമോ? രാഹുൽ സസ്പെൻസ് തുടരുകയാണ്.

ഇനി പ്രിയങ്കയുടെ കർമ്മഭൂമിയിൽ

വോട്ടെടുപ്പ് മൂന്നു ഘട്ടം പിന്നിട്ടതോടെ യു.പിയിൽ ഇനി പ്രിയങ്കാ ഗാന്ധിയുടെ ഊഴമാണ്. ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രിയങ്കയുടെ ചുമതലയ്‌ക്കു കീഴിലുള്ള കിഴക്കൻ യു.പിയും ബുന്ദേൽഖണ്ഡും അടങ്ങുന്ന മേഖലയിലെ നാൽപ്പതിലേറെ മണ്ഡലങ്ങളിലാണ് ഇനി നാലു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. യു.പി.എ അദ്ധ്യക്ഷ സോണിയഗാന്ധിയുടെ റായ്ബറേലി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേതി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി, യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂർ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിൻറെ ലക്‌നൗ, കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ സുൽത്താൻപൂർ തുടങ്ങി രാജ്യം ശ്രദ്ധിക്കുന്ന മണ്ഡലങ്ങളാണ് കിഴക്കൻ യു.പി മേഖലയിൽ. 2014-ൽ അമേതിയും റായ്ബറേലിയും മാത്രം ലഭിച്ച, ഒറ്റയ്‌ക്കു മത്സരിക്കുന്ന കോൺഗ്രസിൻറെ ഏക പ്രതീക്ഷയാണ് പ്രിയങ്ക. ഇക്കുറി പ്രിയങ്കയുടെ വരവോടെ മേഖലയിൽ പത്തുസീറ്റ് വരെ കോൺഗ്രസിന് പ്രവചിക്കപ്പെടുന്നുമുണ്ട്.

പ്രിയങ്കയ്‌ക്കായി കോൺഗ്രസ് വിപുലമായ പ്രചാരണ പരിപാടികളാണ് തയ്യാറാക്കുന്നത്. ഇന്നും നാളെയും ദ്ധാൻസി, ഹാമിദ്പൂർ, ഫത്തേപുർ തുടങ്ങിയ മണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണത്തിനെത്തും. രാഹുൽ ഗാന്ധിക്ക് രാജ്യത്തെ മറ്രു മണ്ഡലങ്ങളിൽക്കൂടി എത്തേണ്ടതിനാൽ അമേതിയിൽ കൂടുതൽ സമയം പ്രിയങ്ക ചെലവിടുന്ന തരത്തിലാണ് പരിപാടികൾ. 26 മുതൽ 30 വരെ രാഹുലിനായി മണ്ഡലത്തിൽ പ്രിയങ്ക പ്രചാരണം നയിക്കും. മുൻ തിരഞ്ഞെടുപ്പുകളിലും പ്രിയങ്കയായിരുന്നു രാഹുലിനായി മണ്ഡലത്തിലെ പ്രചാരണങ്ങൾക്കു ചുക്കാൻ പിടിച്ചത്. മേയ് ആറിനാണ് അമേതിയിലെ തിരഞ്ഞെടുപ്പ്.