ന്യൂഡൽഹി: ഗുജറാത്തിൽ 2002ലെ വർഗ്ഗീയ കലാപത്തിൽ അക്രമിസംഘം പിഞ്ചുകുഞ്ഞുൾപ്പെടെ ഏഴ് ബന്ധുക്കളെ കണ്മുന്നിൽ കൊലപ്പെടുത്തുകയും ഗർഭിണിയായിരിക്കെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്‌ത ബിൽക്കീസ് ബാനുവിന് സംസ്ഥാന സർക്കാർ രണ്ടാഴ്‌ചയ്‌ക്കകം 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വിധിച്ചു. കൂടാതെ സർക്കാർ ജോലിയും ആവശ്യപ്പെടുന്ന സ്ഥലത്ത് വീടും നൽകണമെന്നും ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധിയിൽ നിർദ്ദേശിച്ചു.
കേസിൽ ഉൾപ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ റദ്ദാക്കാനും ജസ്‌റ്റിസ്‌മാരായ ദീപക് ഗുപ്തയും സഞ്ജീവ് ഖന്നയും ഉൾപ്പെട്ട ബെഞ്ച് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇതോടെ ഗുജറാത്ത് കലാപത്തിൽ കൊടും ക്രൂരത അരങ്ങേറിയ മറ്റൊരു കേസാണ് സുപ്രീംകോടതിയുടെ ഇടപെടലിലൂടെ തീർപ്പാകുന്നത്. നേരത്തേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ നഷ്‌ടപരിഹാരം പോരെന്ന് കാട്ടി ബിൽക്കീസ് ബാനു സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഞങ്ങൾ മറ്റെന്ത് ചെയ്യും:കോടതി
സ്വന്തം കുടുംബത്തിന്റെ സർവനാശത്തിന് സാക്ഷിയാണ് ബിൽക്കീസ് ബാനു എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അവരുടെ ഏഴ് കുടുംബാംഗങ്ങളെ അക്രമികൾ കൊന്നൊടുക്കി. കൈക്കുഞ്ഞിനെ അവരുടെ കണ്മുന്നിലാണ് വീടിന്റെ ഭിത്തിയിൽ അടിച്ചു കൊന്നത്. ഗർഭിണിയായ അവരെ ആൾക്കൂട്ടം കൂട്ടമാനഭംഗപ്പെടുത്തി. എല്ലാം നഷ്‌ടപ്പെട്ട അവരുടെ ജീവിതം ഇപ്പോൾ ദുരിതപൂർണമാണ്. കഴിഞ്ഞതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോൾ അവരെ പുനരധിവസിപ്പിക്കുകയാണ് ആവശ്യം. ഇന്നത്തെ ലോകത്ത് പണം ആവശ്യമാണ്. പണം എല്ലാ വേദനകൾക്കും പരിഹാരമാകുമോ എന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ അവർക്ക് വേണ്ടി ഞങ്ങൾക്ക് മറ്റെന്ത് ചെയ്യാൻ കഴിയും? നഷ്ടപരിഹാരം എത്രവേണമെങ്കിലും പറയുക.അതിനുള്ള ഉത്തരവ് ഞങ്ങൾ നൽകാം - ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ബിൽക്കീസ് ബാനുവിന്റെ അഭിഭാഷകരോട് പറഞ്ഞു.
പതിനേഴ് വർഷം നീണ്ട പോരാട്ടം
വർഗ്ഗീയ ഭ്രാന്തിന് ഇരയായ നിസഹായയായ ഒരു സ്‌ത്രീ പതിനഴ് വർഷം നീതിക്കായി നടത്തിയ പോരാട്ടത്തിന്റെ പരിസമാപ്തിയാണിത്. ഗുജറാത്തിലെ ഗോധ്രയിൽ 2002 പെബ്രുവരി 27ന് സബർമതി എക്സ്‌പ്രസ് ട്രെയിനിന് തീവച്ചതിൽ 58 കർസേവകർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ന്യൂനപക്ഷ സമുദായത്തിനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടത്. 3000 പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. അന്ന് 21 വയസുമാത്രമുണ്ടായിരുന്ന ബിൽക്കീസ് ബാനുവാണ് ക്രൂരതയ്‌ക്ക് ഇരയായത്. സംസ്ഥാന പൊലീസ് ഉഴപ്പിയ കേസ് ഒടുവിൽ സുപ്രീകോടതി ഉത്തരവ് പ്രകാരം സി. ബി. ഐ അന്വേഷിച്ചു. ബിൽക്കീസ് ബാനുവിന്റെ ബന്ധുക്കളെ കൊന്ന് കൂട്ടത്തോടെ കുഴിച്ചു മൂടിയ ശവക്കുഴി തോണ്ടി പരിശോധന നടത്തിയാണ് തെളിവുകൾ ശേഖരിച്ചത്. കേസിന്റെ വിചാരണ മുംബയ് കോടതിയിലേക്ക് മാറ്റി. കൂട്ടമാനഭംഗത്തിനും കൊലപാതകങ്ങൾക്കും 2008 ജനുവരിയിൽ പതിനൊന്ന് പ്രതികളെ മുംബയ് കോടതി ജീവപര്യന്തം ശിക്ഷിച്ചു. 2017ൽ മുംബയ് ഹൈക്കോടതി ആ ശിക്ഷ ശരിവച്ചു.