ന്യൂഡൽഹി: ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ വ്യാജ ലൈംഗിക ആരോപണമുന്നയിക്കാൻ ഒന്നര കോടി രൂപയുടെ ഒാഫർ ലഭിച്ചെന്ന വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷകനായ ഉത്സവ് ബെയിൻസ് രംഗത്ത്. ഇക്കാര്യം വിശദീകരിച്ച് ഉത്സവ് സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. ഇന്ന് നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കാൻ കോടതി ഇയാൾക്ക് നോട്ടീസ് അയച്ചു.
ചീഫ് ജസ്‌റ്റിസിനെതിരെ മുൻ സുപ്രീംകോടതി ജീവനക്കാരിയുടെ ലൈംഗിക ആരോപണം വിവാദമായതിനിടെയാണ് അഭിഭാഷകൻ ഫേസ്ബുക്കിൽ വെളിപ്പെടുത്തൽ നടത്തിയത്. മുൻ ഹൈക്കോടതി ജഡ്‌ജിയുടെ ചെറുമകനും പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ മകനുമാണ് ഇയാൾ. ചീഫ് ജസ്‌റ്റിസിൽ നിന്ന് ലൈംഗിക പീഡനത്തിന് വിധേയയായ ജൂനിയർ കോർട്ട് അസിസ്റ്റന്റിന്റെ ബന്ധുവാണെന്ന് പരിചയപ്പെടുത്തിയ അജയ് എന്നയാളാണ് തന്നെ സമീപിച്ചതെന്ന് ഉത്സവ് പറയുന്നു. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ട് അവഗണിച്ചപ്പോൾ പത്രസമ്മേളനം നടത്തി കാര്യങ്ങൾ വെളിപ്പെടുത്താൻ 50 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തു. വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ തുക ഒന്നര കോടി രൂപയായി ഉയർത്തി.
പണം വാങ്ങി സുപ്രീംകോടതിയിലെ കേസുകളെ സ്വാധീനിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നും ഉത്സവ് പറയുന്നു. കോടതിയിൽ നിന്ന് അനുകൂല ഉത്തരവുകൾ ലഭിക്കാൻ ചില കോർപറേറ്റുകൾ റൊമേഷ് ശർമ്മ എന്ന ഇടനിലക്കാരൻ വഴി ശ്രമം നടത്തിയെന്നും ചീഫ് ജസ്‌റ്റിസ് വഴങ്ങാതെ വന്നപ്പോൾ ലൈംഗിക ആരോപണം ഉന്നയിച്ച് രാജിവയ്പിക്കാൻ ശ്രമം നടത്തിയെന്നും സത്യവാങ്‌മൂലത്തിൽ വിവരിക്കുന്നു. കടത്തിൽ മുങ്ങി പ്രവർത്തനം നിലച്ച ജെറ്റ് എയർവേയ്സ് ഉടമ നരേഷ് ഗോയൽ ഇടനിലക്കാരൻ വഴി ചീഫ് ജസ്‌റ്റിസിന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമുണ്ട്. നരേഷ് ഗോയൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വഴിയാണ് റൊമേഷിനെ ബന്ധപ്പെട്ടതെന്നും വിവരിക്കുന്നു.
ലൈംഗിക ആരോപണം പരിശോധിക്കാൻ ചീഫ് ജസ്‌റ്റിസ് രൂപീകരിച്ച ജസ്‌റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ പ്രത്യേക ബെഞ്ച് ഇന്നലെ നടത്തിയ സിറ്റിംഗിൽ ഉത്സവ് ബെയിനിന്റെ വെളിപ്പെടുത്തൽ സ്വമേധയാ തെളിവായി സ്വീകരിച്ചിരുന്നു. ഉത്സവ് കോടതിയിലുണ്ടോ എന്ന് ജസ്‌റ്റിസ് അരുൺമിശ്ര ചോദിച്ചെങ്കിലും ഹാജരില്ലായിരുന്നു. സത്യവാങ്മൂലത്തിൽ പറയുന്ന വസ്‌തുതകളുടെ തെളിവുകളുമായി ഇന്ന് കോടതിയിൽ ഹാജരാകാൻ ഉത്സവിന് കോടതി നോട്ടീസ് അയച്ചു.