മുരളി മനോഹർ ജോഷിയുടെ വരവും പോക്കുമാണ് 2014-ലും ഇത്തവണയും ഉത്തർപ്രദേശിലെ പൗരാണികനഗര മണ്ഡലമായ കാൺപൂരിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കു മത്സരിക്കാൻ വാരണാസി ഒഴിഞ്ഞുകൊടുക്കേണ്ടിവന്ന ജോഷിക്ക് പകരംകിട്ടിയ സീറ്റാണ് കാൺപൂർ. തുടർച്ചയായി മൂന്നുതവണ കോൺഗ്രസ് വിജയിച്ച മണ്ഡലത്തിൽ രണ്ടു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജോഷി ജയിക്കുകയും ചെയ്‌തു. യു.പി.എയിലെ കൽക്കരി മന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ ആയിരുന്നു എതിരാളി. ജോഷിക്കൊപ്പം അങ്ങനെ കാൺപൂരും വാർത്തകളിൽ നിറഞ്ഞു.

ഇക്കുറി എൽ.കെ അദ്വാനിക്കു പിന്നാലെ മുരളി മനോഹർ ജോഷിക്കും ബി.ജെ.പി സീറ്ര് നിഷേധിച്ചതോടെ ഒരിക്കൽക്കൂടി കാൺപൂർ വാർത്തകളിൽ നിറഞ്ഞു. സംസ്ഥാനത്തെ ചെറുകിട വ്യവസായ മന്ത്രി സത്യദേവ് പച്ചൗരിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. പച്ചൗരിയുടെ പോസ്റ്ററുകളിലെല്ലാം മോദിയാണ് താരം. മൂന്നു തവണ എം.പിയായ ശ്രീപ്രകാശ് ജയ്സ്വാളിനെ തന്നെയാണ് കോൺഗ്രസ് ബി.ജെ.പിക്കെതിരെ ഇറക്കിയിരിക്കുന്നത്. ഇത്തവണ കോൺഗ്രസ് യു.പിയിൽ പ്രതീക്ഷ വയ്‌കുന്ന പ്രധാന സീറ്റുകളിലൊന്ന് കാൺപൂരാണ്. മഹാസഖ്യത്തിന് ഇവിടെ കാര്യമായ ചലനമുണ്ടാക്കാൻ കഴിയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

കാൺപൂരിൽ, ലാൽബംഗ്ലായിലെ വസതിയിൽ രാവിലെ ജയ്‌സ്വാളിനെ കാണാനെത്തുമ്പോൾ പ്രവർത്തകരും നേതാക്കളും പ്രചാരണത്തിനു പുറപ്പെടാൻ തയ്യാറായി നിൽപ്പുണ്ട്. രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തുന്ന ദിവസമാണ്. എല്ലാവരും തിരക്കിൽ. നേതാക്കളുമായി സംസാരിച്ചിരിക്കെ അദ്ദേഹമെത്തി. മന്ത്രിജിയെന്ന് അഭിസംബോധന ചെയ്‌ത് ചിലർ ജയ്‌സ്വാളിന്റെ കാൽ തൊട്ടു നമസ്‌കരിക്കുന്നു. മന്ത്രിജി ഉടൻ പുറപ്പെടുമെന്ന് ഒരു പ്രവർത്തകൻ ഫോണിൽ. 2014-ൽ ജോഷിയോട് തോൽക്കുകയും യു.പി.എ നിലംപതിക്കുകയും ചെയ്‌തിട്ടും ജയ്‌സ്വാൾ മന്ത്രിജിയായി കാൺപൂരിൽ 'അധികാരത്തിൽ' തുടരുകയാണ്.

ബ്രാഹ്മണ സമുദായ ഭൂരിപക്ഷ മണ്ഡലത്തിൽ അതേ സമുദായക്കാരനായ ജോഷി വന്നപ്പോൾ മണ്ഡലം നിറംമാറിയെങ്കിലും കടുത്ത പ്രതീക്ഷയിലാണ് ജയ്‌സ്വാൾ. ''വികസനം മാത്രമാണ് എന്റെ വിഷയം. ഞാൻ ജോഷിയല്ല''- പുറപ്പെടാൻ നിൽക്കെ ശ്രീപ്രകാശ് ജയ്‌സ്വാൾ കേരളകൗമുദിയോടു സംസാരിച്ചു. "നല്ല ആത്മവിശ്വാസമുണ്ട്. അഞ്ചു വർഷം ജോഷിജി ഒന്നും ചെയ്‌തില്ല. ഞാൻ എന്നും ജനങ്ങൾക്കിടയിലുണ്ടായിരുന്നു. വൻ ഭൂരിപക്ഷത്തിൽ ജയിക്കും. പ്രിയങ്കാ ഗാന്ധിയുടെ വരവും നേട്ടമാകും." കൈ വീശിക്കാണിച്ച് കാറിൽ ജയ്‌സ്വാൾ പുറപ്പെട്ടു. മന്ത്രിജിക്കു പിറകെ അണികളും.

1999, 2004, 2009 വർഷങ്ങളിൽ തുടർച്ചയായി കാൺപൂരിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ ജയ്സ്വാൾ ഒന്നും രണ്ടും യു.പി.എ മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. ജയ്സ്വാളിന്റെ ആത്മവിശ്വാസം മണ്ഡലത്തിലുടനീളം കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലുമുണ്ട്. 1934-ൽ ഗാന്ധിജി ഉദ്ഘാടനം ചെയ്‌ത തിലക് ഹാളിലാണ് കോൺഗ്രസ് ഓഫീസ്. അതേ പൗരാണികത ഇപ്പോഴും ഓഫീസിനുണ്ട്.

കഴിഞ്ഞ അഞ്ചു വർഷം കാൺപൂരിന് എം.പിയില്ലായിരുന്നുവെന്ന് യു.പി.സി.സി സെക്രട്ടറി ശരത് മിശ്ര പറഞ്ഞു. ''ജോഷി മണ്ഡലത്തിലേക്ക് വന്നതു തന്നെ വല്ലപ്പോഴുമാണ്. അദ്ദേഹത്തിനെതിരെ അതൃപ്‌തി പരസ്യമാണ്. കഴിഞ്ഞ തവണ മോദി തരംഗവും ബ്രാഹ്മണ വോട്ടുകളുമാണ് ജോഷിയെ സഹായിച്ചത്. പത്തുവർഷം മന്ത്രിയായിരുന്നപ്പോൾ ജയ്സ്വാൾ ചെയ്‌ത വികസന പ്രവർത്തനങ്ങൾ മാത്രമേ മണ്ഡലത്തിലുള്ളൂ. ഇക്കുറി മോദി തരംഗമില്ല. ബി.ജെ.പിയുടെ സത്യദേവ് പച്ചൗരിയെ നേരത്തേ ജയ്സ്വാൾ തന്നെ തോൽപ്പിച്ചതാണ്- ശരത് മിശ്ര പ്രതീക്ഷവയ്‌ക്കുകയാണ്.

കാൺപൂർ തുകൽ അമേരിക്ക, ജപ്പാൻ, ഇറ്രലി തുടങ്ങി പല വിദേശരാജ്യങ്ങളിലേക്കും കയറ്റിയയയ്‌ക്കുന്നുണ്ട്. റെഡ് ടാപ്പ് പോലുള്ള പ്രശസ്‌ത ബ്രാൻഡുകളാണ് കാൺപൂരിൽ തുകൽ തേടിയെത്തുന്നത്. ഗംഗയിലേക്ക് മലിനജലം ഒഴുക്കിവിടുന്നുവെന്നു ചൂണ്ടിക്കാട്ടി അഞ്ചുമാസമായി യോഗി സർക്കാർ തുകൽ ഫാക്‌ടറികൾ അടച്ചുപൂട്ടിയിരിക്കുകയാണ്. ഒരുലക്ഷത്തോളം തൊഴിലാളികൾ പട്ടിണിയിലായി. നാനൂറിലധികം ഫാക്‌ടറികളുണ്ട് കാൺപൂരിൽ. ഭൂരിഭാഗവും ന്യൂനപക്ഷ സമുദായക്കാരുടേത്.

തിരഞ്ഞെടുപ്പിൽ തുകൽ പ്രതിസന്ധി ചലനമുണ്ടാക്കുമെന്ന് തീർച്ച.