ന്യൂഡൽഹി: പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയില്ല. വേറൊരു ജോലി ലഭിച്ചിരുന്നെങ്കിൽ അമ്മ സന്തോഷിച്ചേനെ. അമ്മയടക്കം എല്ലാ ബന്ധുക്കളെയും ചെറുപ്പത്തിൽ ഉപേക്ഷിച്ചു. എങ്കിലും അമ്മയുമായി അടുപ്പമുണ്ട്. അമ്മയ്‌ക്ക് ഞാൻ പണമൊന്നും നൽകാറില്ല. എന്നാൽ നേരിൽ കാണുമ്പോൾ അമ്മ ഇപ്പോഴും എനിക്ക് ഒന്നേകാൽ രൂപ തരാറുണ്ട്. തിരിച്ച് അമ്മ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഡൽഹിയിലെ വീട്ടിൽ വന്നിട്ട് എന്തു ചെയ്യാനാണെന്ന് അമ്മ പറയും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒറ്റയ്‌ക്കാണ്. ചെറുപ്പത്തിലേ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതിനാൽ അതു ശീലമായി. എന്റെ കുടുംബക്കാർക്ക് സർക്കാർ ആനുകൂല്യങ്ങളില്ല. രാജ്യം മുഴുവൻ എന്റെ കുടുംബമാണ്.
ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ ബോളിവുഡ് നടൻ അക്ഷയ് കുമാർ നടത്തിയ അഭിമുഖത്തിൽ വ്യക്തി ജീവിതത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മനസു തുറന്നു.
ഞാൻ കടന്നു വന്ന സാഹചര്യങ്ങൾ നോക്കിയാൽ പ്രധാനമന്ത്രിയാകുമെന്ന് ചിന്തിക്കാനാവില്ല. ഇപ്പോൾ എനിക്കു ലഭിക്കുന്ന സ്‌നേഹത്തിൽ അദ്‌ഭുതം തോന്നാറുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായ അനുഭവം പ്രധാനമന്ത്രി പദത്തിൽ ഗുണമായി. ചെറുപ്പത്തിൽ ചായ വില്പനയായിരുന്നു. അക്കാലത്ത് കന്നുകാലി കച്ചവടക്കാരുമായുള്ള ഇടപെടലിലൂടെയാണ് ഹിന്ദി പഠിച്ചത്. മുഖ്യമന്ത്രിയും എം.എൽ.എയുമായപ്പോഴാണ് വരുമാനവും അക്കൗണ്ടും വന്നത്. പ്രധാനമന്ത്രിയായപ്പോൾ അക്കൗണ്ടിൽ നിന്ന് 21 ലക്ഷം രൂപ ഉദ്യോഗസ്ഥരെ സഹായിക്കാൻ നൽകി. എം.എൽ.എയായപ്പോൾ ലഭിച്ച സ്ഥലവും ദാനം ചെയ്തു.
ഉറക്കം മൂന്നര മണിക്കൂർ
ഉറക്കം മൂന്നര മണിക്കൂർ മാത്രം. ഉണർന്നാലുടൻ ജോലി തുടങ്ങും. മുഴുവൻ സമയവും ജോലി ചെയ്‌തപ്പോൾ ഉദ്യോഗസ്ഥർക്കും ജോലി ചെയ്യാതെ മാർഗമില്ല. നാം മുന്നിൽ നിന്ന് ഒരുവഴി കാണിച്ചാൽ മറ്റുള്ളവർ അതു പിന്തുടരും. ഉറക്കം കൂട്ടാൻ സുഹൃത്തായ മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഉപദേശിച്ചിരുന്നു. പക്ഷേ ശീലമായിപ്പോയി.
മമത കുർത്ത സമ്മാനിക്കും
പ്രതിപക്ഷത്തെ നിരവധി നേതാക്കളുമായി അടുപ്പമുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വർഷത്തിൽ ഒന്നോ രണ്ടോ തവണ ബംഗാളി മധുര പലഹാരവും കുർത്തയും എനിക്ക് സമ്മാനിക്കാറുണ്ട്. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന ബംഗാളി മധുര പലഹാരം അയ്‌ക്കുന്നത് അറിഞ്ഞാണ് മമതയും തുടങ്ങിയത്.