ന്യൂഡൽഹി: കൂടുതൽ തെളിവുകൾക്കൊപ്പം മറ്റൊരു സത്യവാങ്‌മൂലം കൂടി സമർപ്പിക്കാൻ അനുവദിക്കണമെന്ന് അഭിഭാഷകനായ ഉത്സവ് ബെയിൻസ് പറഞ്ഞത് സുപ്രീംകോടതിയിൽ ചില നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. ആരോപണം ഉന്നയിച്ചിട്ട് പകുതി തെളിവുമായി വരുന്ന രീതി ശരിയല്ലെന്ന് അപ്പോൾ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. അറ്റോർണിയെ എതിർത്ത് ബെയിൻസും വാദിച്ചു. ഇതിനിടെ അറ്റോർണി ജനറലിനെ പിന്തുണച്ച ജസ്‌റ്റിസ് നരിമാൻ ഉത്സവിനെ കോടതിയിൽ നിന്ന് പുറത്താക്കേണ്ടി വരുമെന്ന് സൂചിപ്പിച്ചു. തുടർന്ന് താൻ കോടതിയിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന് അഭിഭാഷകൻ പറഞ്ഞു. ഇറങ്ങിപ്പോകാൻ പോയ അഭിഭാഷകനെ ജസ്റ്റിസ് മിശ്ര തിരികെ വിളിച്ചു സമാധാനിപ്പിച്ചു. സമഗ്രമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ ഇന്നുരാവിലെ 10.30 വരെ അഭിഭാഷകന് സമയം അനുവദിക്കുകയും ചെയ്തു. ബെയിൻസിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
ഇതിനിടെ ലൈംഗിക ആരോപണം പരിശോധിക്കാൻ രണ്ട് സമാന്തര സംവിധാനങ്ങൾ-അന്വേഷണ സമിതിയും പ്രത്യേക ബെഞ്ചും എന്തിനെന്ന ചോദ്യം മുതിർന്ന വനിതാ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ഉന്നയിച്ചു. ലൈംഗിക ആരോപണത്തിന് പിന്നിൽ കേസുകളെ സ്വാധീനിക്കുന്ന സംഘമാണെന്ന വെളിപ്പെടുത്തൽ ഗൗരവമായി കണ്ട് അന്വേഷിക്കണമെന്നും ഇല്ലെങ്കിൽ സുപ്രീംകോടതി തന്നെ ഇല്ലാതാകുമെന്നും ജസ്‌റ്റിസ് അരുൺ മിശ മറുപടി നൽകി.
പരാമർശത്തിനെതിരെ പരാതിക്കാരി
ന്യൂഡൽഹി: ചീഫ് ജസ്‌റ്റിസിനെതിരെ ലൈംഗിക ആരോപണമുയർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സുപ്രീംകോടതിയുടെ പരാമർശത്തിനെതിരെ പരാതിക്കാരിയായ യുവതി ആഭ്യന്തര സമിതിക്ക് കത്തു നൽകി. തന്റെ ഭാഗം പരിശോധിക്കാതെയാണ് പരാമർശം നടത്തിയതെന്ന് സുപ്രീംകോടതിയിലെ ആഭ്യന്തര അന്വേഷണ സമിതിക്ക് അയച്ച കത്തിൽ അവർ പറയുന്നു.
യുവതിക്കെതിരായ കേസ്
അതേസമയം പരാതിക്കാരിയും സുപ്രീംകോടതിയിലെ മുൻ ജൂനിയർ കോർട്ട് അസിസ്‌റ്റന്റുമായ യുവതിക്കെതിരെ നൽകിയ കൈക്കൂലി കേസ് പരിഗണിക്കുന്നത് പാട്യാലാ കോടതി മേയ് 23 വരെ നീട്ടി. കേസിൽ അറസ്‌റ്റിലായ യുവതി ജാമ്യത്തിലാണ്. സുപ്രീംകോടതിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 50,000 രൂപ തട്ടിച്ചെന്ന ഹരിയാനാ സ്വദേശിയായ നവീൻ കുമാറിന്റെ പരാതി പ്രകാരം ന്യൂഡൽഹി തിലക്മാർഗ് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസാണ് കോടതിയിലുള്ളത്. യുവതിക്കുള്ള ജാമ്യം റദ്ദാക്കണമെന്ന് ഡൽഹി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
.