ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒാരോ നിയമസഭാ മണ്ഡലത്തിലെയും 50 ശതമാനം വിവിപാറ്റ് സ്ളിപ്പുകളും എണ്ണണമെന്ന ആവശ്യവുമായി 21 പ്രതിപക്ഷ കക്ഷികൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിംഗ്ബൂത്തുകളിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണിയാൽ മതിയെന്ന സുപ്രീംകോടതിവിധി പുന:പരിശോധിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വോട്ടെടുപ്പ് പൂർത്തിയായ മൂന്നു ഘട്ടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി പണിമുടക്കിയതും ചിലയിടങ്ങളിൽ വോട്ടിംഗ് തെറ്റായി രേഖപ്പെടുത്തിയെന്ന പരാതിയും പരിഗണിക്കണമെന്നും ഹർജിയിൽ പറയുന്നു.
വലിയതോതിൽ മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യവും വേണമെന്നതിനാൽ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന 21 പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം നേരത്തെ കോടതി അംഗീകരിച്ചിരുന്നില്ല. പോൾ ചെയ്ത വോട്ടുകളും 50 ശതമാനം സ്ലിപ്പുകളും ഒത്തുനോക്കിയാൽ ഫലപ്രഖ്യാപനം ആറുദിവസമെങ്കിലും വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.