sakshi

ഉന്നാവ് (യു.പി): വിവാദ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ ഉന്നാവിലെ ഗധൻഖേഡയിലെ സാക്ഷിദാം ആശ്രമം. ഉന്നാവിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന സാക്ഷിയുടെ തിരഞ്ഞെടുപ്പ് ഓഫീസും ഇവിടെത്തന്നെ. വിദ്വേഷപ്രസംഗത്തിന്റെ പേരിൽ പലവട്ടം വിവാദത്തിലായ അദ്ദേഹത്തിന്റെ ഓഫീസ് സുരക്ഷാ സേനയുടെ കാവലിലാണ്.

''സ്വാമിജിക്ക് ഹിന്ദു, മുസ്‌ലിം എന്നൊന്നുമില്ല. എല്ലാവരോടും ഒരുപോലെ. ദയാലു. അദ്ദേഹത്തെ വർഗീയവാദിയായി പ്രതിപക്ഷം ചിത്രീകരിക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് .'' ശിഷ്യൻ കൃഷ്‌ണഗോപാൽ ശാസ്ത്രി പറയുന്നു. സാക്ഷി പറയുന്നതെല്ലാം ദേശതാത്പര്യത്തിനാണെന്നും മാദ്ധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നുമാണ് മറ്റൊരു അനുയായി ലല്ലൻ ലോധിയുടെ വാദം.

22 ലക്ഷത്തോളം വോട്ടർമാരുള്ള ഉന്നാവിൽ ഒ.ബി.സി വോട്ടുകളാണ് നിർണായകം. യാദവ്, ലോധ്, മല്ല, കാശ്യപ് തുടങ്ങിയ ഒ.ബി.സി വിഭാഗക്കാർ പത്തര ലക്ഷത്തോളം. ലോധ് സമുദായക്കാരനാണ് സാക്ഷി മഹാരാജ്. എസ്.സി, എസ്.ടി വോട്ടർമാർ ആറരലക്ഷത്തോളം. മുസ്ലിങ്ങൾ ഒരുലക്ഷത്തിലധികം. ബ്രാഹ്മണർ, താക്കൂർ തുടങ്ങിയ സവർണ വിഭാഗങ്ങളുമുണ്ട്.

മണ്ഡലത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളും ഇപ്പോൾ ബി.ജെ.പിക്കൊപ്പം. 2014-ലെ തിരഞ്ഞെടുപ്പിൽ മൂന്നുലക്ഷത്തിലധികം വോട്ടിനാണ് സാക്ഷി വിജയിച്ചത്. രണ്ടാമത് എസ്.പിയുടെ അരുൺ കുമാർ ശുക്ല. കോൺഗ്രസിന്റെ സിറ്റിംഗ് എം.പിയായിരുന്ന അനു ടണ്ഠൻ അന്ന് നാലാമിടത്തേക്ക് തെറിച്ചു.

കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥികളെ തന്നെയാണ് എസ്.പിയും കോൺഗ്രസും ഇക്കുറിയും പരീക്ഷിക്കുന്നത്. അനു ടണ്ഠനു വേണ്ടി രാഹുൽഗാന്ധി നേരിട്ടെത്തി പ്രസംഗിച്ചു. സാക്ഷിക്കായി ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖർ സജീവം. ഇക്കുറി പക്ഷേ, സാക്ഷി മഹാരാജിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് മണ്ഡലത്തിലെ സംസാരം.

നിയമവിധേയമായി പ്രവർത്തിക്കുന്നവ ഉൾപ്പെടെ എല്ലാ അറവുശാലകളും പൂട്ടിക്കുമെന്ന വാഗ്ദാനമാണ് സാക്ഷി പ്രചാരണത്തിൽ പ്രധാനമായും ഉന്നയിക്കുന്നത്. മണ്ഡലത്തിലെ 18 അറവുശാലകളും പൂട്ടാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. പകരം വ്യവസായ ശാലകൾ വരണം. അറവുശാലകൾ ഗംഗയെ മലിനമാക്കുന്നുവെന്ന സാക്ഷി മഹാരാജിന്റെ വാദം. മണ്ഡലത്തിൽ സജീവചർച്ചയാണ്.

താനൊരു സന്യാസിയാണെന്നും വോട്ടു നൽകിയില്ലെങ്കിൽ ശാപം കിട്ടുമെന്നും ഉന്നാവിൽ പ്രചരണത്തിനിടെ സാക്ഷി മഹാരാജ് പറഞ്ഞത് വിവാദമായിരുന്നു. സന്യാസിയെന്ന് അവകാശപ്പെടുമ്പോഴും, സാക്ഷി മഹാരാജിന്റെ പേരിൽ മുപ്പതിലധികം കേസുകളുണ്ട്. കൊലപാതകം, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി, മോഷണം,തട്ടിപ്പ് തുടങ്ങി വിദ്വേഷപ്രസംഗം വരെ പല വകുപ്പിലാണ് കേസുകൾ. ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ചോദിച്ചാൽ സാക്ഷി പറയും: എല്ലാം രാഷ്ട്രീയ പ്രതികാര നടപടികളുടെ ഭാഗമായി കെട്ടിച്ചമച്ചവ!

1990- ൽ ബി.ജെ.പിയിൽ ചേർന്ന സാക്ഷി മഹാരാജ് ഇടയ്‌ക്ക് കാലുമാറി, സമാജ്‌വാദി പാർട്ടിയിലും കല്യാൺ സിംഗിന്റെ രാഷ്ട്രീയ ക്രാന്തി പാർട്ടിയിലും ചേർന്നിരുന്നു. പിന്നെ തിരിച്ചെത്തി. ആദ്യം മഥുരയിൽ നിന്നും രണ്ടു തവണ ഫറൂഖാബാദിൽ നിന്നും എം.പിയായി. 2000 മുതൽ 2006 വരെ രാജ്യസഭാംഗം.