ന്യൂഡൽഹി: ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ റിട്ട. ജസ്‌റ്റിസ് എ.കെ. പട്നായിക്കിനെ സുപ്രീംകോടതി പ്രത്യേക ബെഞ്ച് നിയോഗിച്ചു.
അതേസമയം ലൈംഗിക ആരോപണം അന്വേഷിക്കുന്ന സുപ്രീംകോടതിയിലെ ആഭ്യന്തര സമിതിയിൽ നിന്ന് ജസ്‌റ്റിസ് എൻ.വി. രമണ ഇന്നലെ പിന്മാറി. ആരോപണ വിധേയനായ ചീഫ് ജസ്‌റ്റിസിന്റെ സുഹൃത്തും വീട്ടിലെ നിത്യ സന്ദർശകനുമായ ജസ്‌റ്റിസ് രമണയുടെ സാന്നിദ്ധ്യം പരാതിക്കാരി ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ജസ്റ്റിസ് രമണ പിന്മാറിയത്. തുടർന്ന് ആഭ്യന്തര സമിതിയിൽ ഇന്ദു മൽഹോത്രയെ ഉൾപ്പെടുത്തി.
ചീഫ്ജസ്റ്റിസിനെതിരെ കോർപറേറ്റ് ശക്തികളും അസംതൃപ്തരായ മുൻ കോടതി ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെടുന്ന ലോബി നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് മുൻ ജീവനക്കാരിയുടെ ആരോപണം എന്ന അഭിഭാഷകൻ ഉത്സവ് ബെയിൻസിന്റെ വെളിപ്പെടുത്തൽ ആധാരമാക്കിയാണ് ജസ്‌റ്റിസ് എ.കെ. പട്നായിക്ക് അന്വേഷണം നടത്തേണ്ടത്. സി.ബി.ഐയും ഡൽഹി പൊലീസും ഐ.ബിയും സഹായിക്കണം. അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കണം. സമ്പന്നരായ ചില ശക്തികൾ കോടതിയെ വരുതിക്ക് നിറുത്താൻ ശ്രമിക്കുകയാണെന്നും അവർ തീകൊണ്ടാണ് കളിക്കുന്നതെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
ഉത്സവ് ബോധിപ്പിച്ച കാര്യങ്ങൾ സത്യമാണോ എന്ന് കണ്ടെത്തണമെന്നും ലൈംഗിക ആരോപണം അന്വേഷിക്കേണ്ടെന്നും ജസ്‌റ്റിസുമാരായ ആർ.എഫ്. നരിമാൻ, ദീപക് ഗുപ്‌ത എന്നിവരും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ലൈംഗിക ആരോപണം പരിശോധിക്കുന്ന ആഭ്യന്തര സമിതിയുടെ നടപടികളെ ഉത്തരവ് ബാധിക്കില്ല. ഗൂഢാലോചനയുമായി ബന്ധപ്പെട്ട തന്റെ സത്യവാങ്‌മൂലത്തിലെ വസ്‌തുതകൾ തെളിവ് നിയമ പ്രകാരം വെളിപ്പെടുത്താനാവില്ലെന്ന ഉത്സവ് ബെയിൻസിന്റെ വാദം തള്ളിയ കോടതി തെളിവുകൾ ഹാജരാക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് വ്യക്തമാക്കി.
അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് രാകേഷ് ഖന്നയും ഉത്സവിന്റെ വാദത്തെ എതിർത്തിരുന്നു. ബാർ അസോസിയേഷൻ അംഗമല്ലാത്ത ഉത്സവിന്റെ വിശ്വാസ്യതയെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗും ചോദ്യം ചെയ്‌തു. സ്‌റ്റിക്കർ ഇല്ലാത്ത ഉത്സവിന്റെ കാർ കോടതി വളപ്പിൽ കടത്തിവിട്ടതിനെയും അവർ വിമർശിച്ചു.
അന്വേഷിക്കേണ്ട കാര്യങ്ങൾ
ചീഫ് ജസ്റ്റിസിനെ അപമാനിക്കാൻ സഹായിച്ചാൽ ഉത്സവിന് ഒന്നര കോടി നൽകാമെന്ന് വാഗ്ദാനം ചെയ്‌ത അജയ് എന്നയാൾക്ക് പരാതിക്കാരിയുമായുള്ള ബന്ധം
റിലയൻസ് മേധാവി അനിൽ അംബാനി കോടതിയിൽ ഹാജരാകണമെന്ന ഉത്തരവു തിരുത്തിയതിന് പുറത്താക്കപ്പെട്ട മുൻ കോർട്ട് മാസ്റ്റർമാരായ തപൻ കുമാർ ചക്രവർത്തി, മാനവ് ശർമ്മ എന്നിവർക്ക് ഗൂഢാലോചനയിലുള്ള പങ്ക്
പണം വാങ്ങി കോടതി നടപടികളെ സ്വാധീനിക്കുന്ന കോർപറേറ്റുകൾ ഉൾപ്പെട്ട ലോബിക്ക് ആരോപണത്തിലുള്ള പങ്ക്.
പട്നായിക്കിന് രണ്ടാം ദൗത്യം
2014ൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ഒഡിഷ സ്വദേശിയും ഛത്തീസ്ഗഡ് ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസുമായ എ.കെ. പട്നായിക്കാണ് മുൻ സി.ബി.ഐ ഡയറക‌്‌ടർ അലോക് വർമ്മയ്‌ക്കെതിരെയുള്ള കേന്ദ്ര വിജിലൻസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത്.