arun-misra

ന്യൂഡൽഹി: വലിയ ആളുകൾ ഉൾപ്പെട്ട കേസുകളിൽ കോടതിയെ സ്വാധീനിക്കാൻ വലിയ കളികൾ നടക്കുന്നുണ്ടെന്നും അതു തുടരാനാകില്ലെന്നും സുപ്രീംകോടതിയിൽ ജസ്‌റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. ചീഫ് ജസ്‌റ്റിസിനെതിരായ പരാതിക്കു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തിയ അഭിഭാഷകന്റെ വിശ്വാസ്യത ചോദ്യം ചെയ്‌ത് മുതിർന്ന അഭിഭാഷകൻ ഇന്ദിരാ ജയ്സിംഗും സർക്കാർ തലത്തിൽ അന്വേഷണം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയും വാദിച്ചപ്പോഴാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്. കേന്ദ്രസർക്കാരിനും പരോക്ഷമായ വിമർശമുണ്ട്.

ഞങ്ങൾക്ക് എഴുന്നേറ്റു നിന്ന് എല്ലാം തുറന്നു പറയേണ്ടി വന്നിരിക്കുന്നു. പണവും ശക്തിയുമുള്ളവർക്ക് എന്തും ചെയ്യാനാകില്ല. നിങ്ങൾ തീയോട് കളിക്കരുത്. ആരുടെയും പേരു പറയുന്നില്ല. പക്ഷേ വലിയ കേസുകൾ വരുമ്പോൾ എല്ലാവരും എല്ലായ്‌പ്പോഴും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. പരിഗണനയിലുള്ള കേസുകളിന്മേൽ കത്തുകളെഴുതുന്നു. പുസ്‌തകം പ്രിന്റു ചെയ്യുന്നു. അവർക്കു വേണ്ടി ഹാജരാവാൻ മുതിർന്ന അഭിഭാഷകരുണ്ട്. വലിയ ആളുകൾ ഉൾപ്പെടുന്ന കേസുകളിലെല്ലാം ഇതാണ് കോടതിയിൽ നടക്കുന്നത്. എല്ലാ ദിവസവും ബെഞ്ചുകൾ നിശ്‌ചയിക്കാൻ ശ്രമം നടക്കുന്നു. ചെറിയ ശതമാനം ആളുകളാണ് അതിനു പിന്നിൽ.

പണത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും അധികാരം കൊണ്ട് പ്രവർത്തിക്കേണ്ടതല്ല സുപ്രീംകോടതി. കഴിഞ്ഞ മൂന്നു നാലു വർഷമായുള്ള സമീപനത്തിൽ അതിയായ വേദനയുണ്ട്.

(കോടതിയിലെ അഭിഭാഷകരോട്) പരാശരനും ഫാലിനരിമാനും നാനി പൽക്കിവാലയും സൃഷ്‌ടിച്ച സ്ഥാപനമാണിത്. ഇത് ജനങ്ങളുടെ സ്ഥാപനമാണ്. ഞങ്ങൾ(ജഡ്ജിമാർ) വരും പോകും, ഇങ്ങനെ പോയാൽ ഇതു നശിക്കും. നന്നാക്കാൻ ശ്രമമുണ്ടായി. പല കാര്യങ്ങളും ഇതുവരെ പുറത്തു വന്നിട്ടില്ല. ആർക്കും സത്യമറിയില്ല. ജനങ്ങൾ സത്യമറിയണം. റിമോട്ട് കൺട്രോൾ നിയന്ത്രണം, കത്തെഴുതൽ, വിചാരിക്കുന്നതു പോലെ രാജ്യം നീങ്ങുമെന്നാണോ അധികാരമുള്ളവരുടെ ധാരണ. പണത്തിന്റെ ശക്തിയിൽ കോടതി രജിസ്ട്രിയെ നിയന്ത്രിക്കാനാണോ. അതിന് കടിഞ്ഞാണിടാൻ ശ്രമിക്കുന്നവരെ ഉടൻ അപകീർത്തിപ്പെടുത്തും. സർക്കാരിന്റെ യാതൊരു ഇടപെടലും വേണ്ടെന്ന് വ്യക്തമാക്കിയ ജസ്‌റ്റിസ് മിശ്ര കോടതിയുടെ കാര്യങ്ങൾ ഇവിടെ ചെയ്‌തുകൊള്ളാമെന്നും വ്യക്തമാക്കി.