കുടുംബത്തിലെ മുതിർന്ന ഒരംഗമെന്ന നിലയിലാണ് അഖിലേഷ് എന്നോടു പെരുമാറുന്നത്. അഖിലേഷിന്റെ ഭാര്യയായി കുടുംബത്തിലേക്കു കടന്നുവന്ന ഡിംപിൾ എനിക്ക് മരുമകൾ തന്നെയാണ്- കനൗജിലെ തിർവാഗഞ്ചിലെ മഹാസഖ്യ റാലിക്കെത്തിയ വലിയ ആൾക്കൂട്ടത്തെ സാക്ഷിനിറുത്തി ബി.എസ്.പി അദ്ധ്യക്ഷ മായാവതി പ്രഖ്യാപിച്ചപ്പോൾ ലോക്‌സഭയിലേക്ക് ഹാട്രിക് ഉറപ്പിച്ചതു പോലെ ഡിംപിളിന്റെ മുഖം വിരിഞ്ഞു.
എസ്.പി നേതാവും ഭർത്താവുമായ അഖിലേഷ് യാദവിനെയും രണ്ടു തവണ ലോക്‌സഭയിൽ പ്രതിനിധീകരിച്ച കനൗജിലെ ആൾക്കൂട്ടത്തെയും സാക്ഷി നിറുത്തി മായാവതിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയ ഡിംപിളിന് കാര്യങ്ങൾ ഇപ്പോൾ ഏറക്കുറെ സിംപിൾ ആയതുപോലെ. മുസ്ളിങ്ങളും പട്ടികജാതി വിഭാഗങ്ങളും 30 ശതമാനം വോട്ടു കൈവശംവയ്‌ക്കുന്ന മണ്ഡലത്തിൽ മായാവതിയുടെ അനുഗ്രഹം ഡിംപിളിന്റെ ഭൂരിപക്ഷമാണെന്നാണ് എസ്.പി പ്രവർത്തകൻ ആശിഷ് യാദവ് പറഞ്ഞത്. മോദി തരംഗം ആഞ്ഞുവീശിയപ്പോഴും 2014-ൽ ഇരുപതിനായിരത്തോളം വോട്ടിന് കനൗജ് മണ്ഡലം നിലനിറുത്താൻ ഡിംപിൾ യാദവിനു കഴിഞ്ഞിരുന്നു.
29-ന് നാലാംഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന യു.പിയിലെ 13 മണ്ഡലങ്ങളിൽ, 2014-ൽ ബി.ജെ.പി വിജയിക്കാതിരുന്ന ഏക മണ്ഡലമാണ് കനൗജ്. ഇക്കുറി എന്തു വിലകൊടുത്തും മണ്ഡലം പിടിക്കാനാണ് ശ്രമം. സുബ്രത് പഥക് തന്നെ വീണ്ടും ബി.ജെ.പി സ്ഥാനാർത്ഥി. ലോധ്, രജപുത് വിഭാഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ പ്രചാരണത്തിന് കേന്ദ്രമന്ത്രി ഉമാ ഭാരതിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സജീവം. പ്രചാരണത്തിന്റെ കലാശദിനമായ 27-ന് നരേന്ദ്രമോദി തന്നെ മണ്ഡലത്തിലെത്തും. ബി.എസ്.പിയിൽ നിന്നും എസ്.പിയിൽ നിന്നും ചിലർ കൂറുമാറി ബി.ജെ.പിയിലെത്തിയിട്ടുണ്ട്.
2014-ലെ ബി.എസ്.പി സ്ഥാനാർത്ഥി നിർമ്മൽ തിവാരി കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയിൽ ചേർന്നത്. മുൻ എം.എൽ.എ അരവിന്ദ് പ്രസാദ് സിംഗും എസ്.പിയുടെ കുൽദീപ് യാദവും കൂറുമാറി. അതിനിടെ എം.എൽ.സി ഡോ. രാംബക്ഷ് സിംഗും കുടുംബവും ബി.ജെ.പി വിട്ട് എസ്.പിയിലെത്തിയത് മഹാസഖ്യത്തിന് ആശ്വസമായിട്ടുണ്ട്. മുമ്പത്തെപ്പോലെ തന്നെ കോൺഗ്രസ് ഇക്കറിയും സ്ഥാനാർത്ഥിയെ നിറുത്തിയിട്ടില്ല.
യാദവിന്റെ കനൗജ്
മുലായംസിംഗ് യാദവ്, മകൻ അഖിലേഷ് യാദവിനെ ആദ്യമായി ലോക്‌സഭയിലെത്തിച്ചത് കനൗജിലൂടെയാണ്. മുലായം മണ്ഡലമൊഴിഞ്ഞ 2000-ത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അഖിലേഷ് വൻ ജയം നേടി. 2004-ലും 2009-ലും വിജയം ആവർത്തിച്ചു. യു.പി രാഷ്ട്രീയത്തിലേക്കു മടങ്ങാൻ 2012-ൽ അഖിലേഷ് മണ്ഡലം ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ഭാര്യ ഡിംപിൾ എതിരില്ലാതെ ലോക്‌സഭയിലെത്തി. 2014-ലെ മോദി തരംഗത്തിൽ 19,907 വോട്ടിനാണ് ഡിംപിൾ മണ്ഡലം നിലനിറുത്തിയത്.
രണ്ടര ലക്ഷത്തോളം യാദവ വോട്ടുണ്ട് കനൗജിൽ. രണ്ടു ലക്ഷത്തോളം മുസ്ളിങ്ങളും. ബി.ജെ.പിക്കൊപ്പമുള്ള ലോധ് സമുദായവും രണ്ടുലക്ഷത്തോളം വരും. സവർണ വിഭാഗങ്ങൾക്കും നിർണായക പങ്കുണ്ട്. എന്നാൽ മായാവതി ഒപ്പം നിൽക്കുന്നതിനാൽ യാദവ് വിഭാഗം ഡിംപിളിനെ തുണയ്‌ക്കുമെന്നാണ് എസ്.പിയുടെ കണക്കു കൂട്ടൽ. കഴിഞ്ഞ തവണ ബി.എസ്.പി നേടിയത് 1,27,785 വോട്ട്.
ലോഹ്യയിൽ തുടക്കം
1998 മുതൽ സമാജ്‌വാദി പാർട്ടിയുടെ കോട്ടയായാണ് അത്തറിന്റെ നാടായ കൗനൗജ് അറിയപ്പെടുന്നത്.
സോഷ്യലിസ്റ്റ് ചിന്തകനും നേതാവുമായ റാം മനോഹർ ലോഹ്യയാണ് മണ്ഡലത്തിലെ ആദ്യ എം.പി- 1967ൽ. 71-ലും 84- ലും കോൺഗ്രസ് വിജയിച്ചു. 1977, 80, 89, 91 വർഷങ്ങളിൽ ജനതാ പാർട്ടിയോടൊപ്പം, സോഷ്യലിസ്റ്റ് പക്ഷത്ത് കനൗജ് നിന്നു. 1996- ൽ ബി.ജെ.പി വിജയിച്ചെങ്കിലും 98- ൽ ലോഹ്യയുടെ ശിഷ്യൻ മുലായം സിങ്ങ് യാദവ് മണ്ഡലം തിരിച്ചുപിടിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം നിന്ന മണ്ണിൽ എസ്.പിയുമായുള്ള ഐക്യസന്ദേശം ആഴത്തിലുറപ്പിച്ച്, ഡിംപിളിന്റെ വിജയത്തിനായി തിർവാഗഞ്ചിലെ മഹാസഖ്യറാലിയിൽ ജയ് ഭീം, ജയ് ഭാരത് എന്നതിനൊപ്പം പുതിയ മുദ്രാവാക്യം കൂടി മുന്നോട്ടുവച്ചാണ് മായാവതി പ്രസംഗം അവസാനിപ്പിച്ചത്: ജയ് ഭീം, ജയ് ഭാരത്, ജയ് ലോഹ്യ.