ന്യൂഡൽഹി: എസ്.എൻ.ഡി.പി യോഗത്തിനെതിരെ കേരള ഹൈക്കോടതിയിലുള്ള ഹർജിയിലെ തുടർ നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. എസ്.എൻ.ഡി.പി യോഗം ലിക്വിഡേറ്റ് ചെയ്യണമെന്നും ഭാരവാഹികൾക്ക് അയോഗ്യത കല്പിക്കണമെന്നും യോഗത്തിന്റെയും സ്ഥാപനങ്ങളുടെയും ഭരണത്തിന് അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കണമെന്നും മൈക്രോഫിനാൻസ് അടക്കം എല്ലാ കണക്കുകളും കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെടുന്ന ഹർജിയിലെ തുടർ നടപടികളാണ് ജസ്‌റ്റിസുമാരായ റോഹിംഗ്‌ടൺ നരിമാൻ, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ച് സ്‌റ്റേ ചെയ്‌ത്.
അഞ്ച് വ്യക്തികളുടെ ഹർജിയിൽ ഡിവിഷൻ ബെഞ്ച് നൽകിയ വിധിക്കെതിരെയാണ് എസ്.എൻ.ഡി.പി യോഗം സുപ്രീംകോടതിയെ സമീപിച്ചത്. യോഗം ലിക്വിഡേറ്റ് ചെയ്യാനുള്ള ഹർജി കമ്പനി നിയമ പ്രകാരം നിലനിൽക്കുന്നതല്ലെന്ന് സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. എന്നാൽ ഹർജിയിലെ മറ്റ് വിഷയങ്ങൾ കമ്പനി ലാ ബോർഡ് പരിഹാരം കാണേണ്ടതാണെന്ന് കോടതി നിർദ്ദേശിച്ചു. ഇതിനെതിരെ ഹർജിക്കാർ നൽകിയ അപ്പീൽ സ്വീകരിച്ച ഹെെക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി മെരിറ്റിൽ കേട്ട് തീരുമാനിക്കാൻ നിർദ്ദേശിച്ച് സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു. ഈ ഉത്തരവ് ചോദ്യം ചെയ്‌താണ് എസ്.എൻ.ഡി.പി യോഗവും ഭാരവാഹികളും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നടപടികൾക്ക് വിധേയരായവർ വ്യക്തി വൈരാഗ്യം മൂലം നൽകിയ ഹർജിയാണെന്നും സുപ്രീംകോടതിയിൽ എസ്.എൻ.ഡി.പി യോഗം വാദിച്ചു. ആരോപണങ്ങൾ വിജിലൻസും പല കീഴ്കോടതികളും അന്വേഷിച്ചു തെളിയിക്കപ്പെടാത്തവയാണ്. ഒരു കടബാദ്ധ്യതകളുമില്ലാത്ത എസ്.എൻ.ഡി.പി യോഗത്തിനെതിരെ നൽകിയ ഹർജി ദുരുദ്ദേശ്യപരമാണെന്നും ലിക്വിഡേറ്റ് ചെയ്യണമെന്ന ആവശ്യം കമ്പനി നിയമം അനുസരിച്ച് നിലനിൽക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി. വാദം അംഗീകരിച്ച സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യാനും കേസ് ഫയലിൽ സ്വീകരിക്കാനും വിധിച്ചു. യോഗത്തിനും ഭാരവാഹികൾക്കും വേണ്ടി മുതിർന്ന അഭിഭാഷകൻ നരസിംഹ, അഡ്വ. റോയി എബ്രഹാം, എ.എൻ. രാജൻബാബു എന്നിവർ ഹാജരായി.