ന്യൂഡൽഹി: ചീഫ് ജസ്‌റ്റിസിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച മുൻ സുപ്രീംകോടതി ജീവനക്കാരി ജസ്‌റ്റിസ് എസ്.എ.ബോബ്ഡെ അദ്ധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിൽ ഹാജരായി മൊഴി നൽകി. വനിതാ ജഡ്‌ജിമാരായ ഇന്ദിരാ ബാനർജി, ഇന്ദു മൽഹോത്ര എന്നിവരും അടങ്ങിയ സമിതി ചേംബറിൽ നടത്തിയ രഹസ്യ സിറ്റിംഗിൽ ആരോപണത്തിന് അടിസ്ഥാനമായ തെളിവുകളും രേഖകളും യുവതി കൈമാറിയെന്നാണ് സൂചന. യുവതിയുടെ പരാതിയും മറ്റും രേഖകളും ചേംബറിൽ എത്തിക്കാൻ രജിസ്ട്രാർക്ക് സമിതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അഭിഭാഷകരെയും ചേംബറിൽ പ്രവേശിപ്പിച്ചില്ല. വിഷയം വീണ്ടും പരിഗണിക്കുന്ന തീയതി അന്വേഷണ സമിതി നിശ്ചയിക്കും.
അതേസമയം, ജുഡിഷ്യറിയുടെ ഉന്നത നിലവാരവും വിശ്വാസ്യതയും നിലനിറുത്താനാണ് ആഭ്യന്തര സമിതിയിൽ നിന്ന് പിൻമാറിയതെന്ന് ജസ്‌റ്റിസ് എൻ.വി. രമണ പറഞ്ഞു. പിൻമാറ്റം അറിയിച്ച് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജസ്‌റ്റിസ് രമണ സമിതിയിൽ അംഗമാകുന്നതിനെ പരാതിക്കാരി ചോദ്യം ചെയ്‌തിരുന്നു. അദ്ദേഹം ചീഫ് ജസ്‌റ്റിസിന്റെ അടുപ്പക്കാരനായതും ഹൈദരാബാദിലെ ഒരു ചടങ്ങിൽ തന്റെ ആരോപണത്തെ തള്ളി പ്രസംഗിച്ചതുമാണ് പരാതിക്കാരി ചൂണ്ടിക്കാട്ടിയത്. ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കോടതി ഉയർത്തിപ്പിടിക്കുന്ന തത്ത്വങ്ങൾ സംരക്ഷിക്കാനാണ് പിൻമാറുന്നതെന്നും ജസ്‌റ്റിസ് രമണ വ്യക്തമാക്കി. അതേസമയം നീതി തേടി എത്തുന്നവർക്ക് കോടതിയിലെ ഫോറങ്ങൾ എങ്ങനെ രൂപീകരിക്കണമെന്ന് നിശ്‌ചയിക്കാൻ അധികാരമില്ലെന്നും നടപടികൾ അട്ടിമറിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രമണയ്‌ക്കു പകരമാണ് വനിതാ ജഡ്‌ജ് ഇന്ദു മൽഹോത്രയെ സമിതിയിൽ ഉൾപ്പെടുത്തിയത്.
'' കോടതി നടപടികൾ അല്ലാത്തതിനാൽ അന്വേഷണ സമിതിക്ക് മുമ്പാകെ പരാതിക്കാരി അടക്കമുള്ളവരുടെ അഭിഭാഷകന്റെ സാന്നിദ്ധ്യം ആവശ്യമില്ല. അന്വേഷണം നടത്തുന്നതിന് സമയ പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. സമിതിയുടെ കണ്ടെത്തലുകൾ രഹസ്യമായി സൂക്ഷിക്കും."- ജസ്റ്റിസ് ബോബ്‌ഡെ