ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പൊതു ചടങ്ങിൽ കോൺഗ്രസ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൻമേൽ എന്തു നടപടിയെടുത്തുവെന്ന് അറിയിക്കാൻ ഡൽഹി കോടതി പൊലീസിന് നിർദ്ദേശം നൽകി. 2016ൽ ഡൽഹിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. 2016ൽ പാക് ഭീകര ക്യാമ്പുകളിൽ സർജിക്കൽ ആക്രമണം നടത്തിയെന്ന സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. ഇന്ത്യയ്‌ക്കു വേണ്ടി സർജിക്കൽ ആക്രമണം നടത്തിയ ജമ്മുകാശ്‌മീരിലെ സൈനിരുടെ ത്യാഗത്തിൽ മുതലെടുപ്പ് നടത്തുകയാണെന്നും അവരുടെ രക്തത്തിനു പിന്നിൽ മോദി ഒളിക്കുകയാണെന്നുമാണ് പ്രസംഗിച്ചത്. പരാമർശം രാജ്യദ്രോഹപരമാണെന്ന് ഹർജിക്കാരനായ അഭിഭാഷകൻ ജോഗീന്ദർ തുലി ചൂണ്ടിക്കാട്ടുന്നു. പ്രസംഗത്തിനെതിരെ ഉടൻ കേസെടുക്കേണ്ടിയിരുന്ന ഡൽഹി പൊലീസ് അലംഭാവം കാട്ടിയെന്നും തന്റെ ആവശ്യം നിരസിച്ചെന്നും ഹർജിയിൽ പറയുന്നു. മെയ് 15ന് കേസ് വീണ്ടും പരിഗണിക്കും.