ന്യൂഡൽഹി: ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ ലെയ്സ് നിർമ്മാതാക്കളായ പെപ്സിക്കോ നൽകിയ നഷ്ടപരിഹാര കേസ് 2001ലെ പ്രൊട്ടക്ഷൻ ഒഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് ആക്ടിന്റെ (പി.പി.വി ആൻഡ് എഫ്.ആർ) ലംഘനമാണെന്ന് കിസാൻസഭ ജനറൽസെക്രട്ടറി ഹന്നൻമൊള്ള. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ലെയ്സ് അടക്കമുള്ള പെപ്‌സികോ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ഇടത് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌തു.
ലെയ്സ് നിർമ്മിക്കൻ ഉപയോഗിക്കുന്ന പ്രത്യേകതരം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്നാണ് പെപ്‌സിക്കോയുടെ വാദം. ഇതിന്റെ പേരിൽ ഗുജറാത്തിലെ ഒമ്പത് ചെറുകിട കർഷകർക്കെതിരെ 1.05 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട നടപടി അധാർമികമാണെന്ന് ഹന്നൻ മൊള്ള ചൂണ്ടിക്കാട്ടി. ചട്ടപ്രകാരം കർഷകർക്ക് വിത്തിനങ്ങൾ ഉൾപ്പടെയുള്ള കാർഷികഉത്പന്നങ്ങൾ കൈവശം സൂക്ഷിക്കാനും വിതയ്ക്കാനും വീണ്ടും വിതയ്ക്കാനും കൈമാറ്റം ചെയ്യാനും വിൽക്കാനും അവകാശമുണ്ട്. ബ്രാൻഡഡ് വിത്തുകൾ വിൽക്കാത്തിടത്തോളം കർഷകന്റെ ഈ അവകാശം നിലനിൽക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ കർഷകർക്ക് എതിരായ കേസുകൾ പിൻവലിച്ച് നിരുപാധിക ഖേദപ്രകടനം നടത്താൻ പെപ്‌സികോ തയ്യാറാകണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കർഷകസംഘടനകൾ പിപിവി ആൻഡ് എഫ്ആർ അധികൃതരെ സമീപിച്ചിട്ടുണ്ട്.
ഒത്തുതീർപ്പാകാമെന്ന് പെപ്സിക്കോ
അഹമ്മദാബാദ്: ലെയ്സ് നിർമ്മാണത്തിനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്നാരോപിച്ച് കഷകർക്കെതിരെ ഫയൽ ചെയ്ത കേസിൽ ഒത്തു തീർപ്പിനൊരുങ്ങി പെപ്സികോ. റെജിസ്ട്രേഡ് വെറൈറ്റി കിഴങ്ങ് വിത്തുകൾ ഇനി ഉപയോഗിക്കില്ലെന്നും മിച്ചമുള്ള സ്റ്റോക്ക് കമ്പനിയ്ക്ക് നൽകണമെന്നും അല്ലെങ്കിൽ കമ്പനിയിൽ നിന്ന് വിത്തു വാങ്ങി അത് പാകമാകുമ്പോൾ കമ്പനിയ്ക്ക് തന്നെ വിൽക്കണമെന്നുമാണ് പെപ്സികോയുടെ പക്ഷം. കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതെപ്പറ്റി ചിന്തിക്കാൻ സാവകാശം വേണമെന്ന് കർഷകരുടെ വക്കീൽ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ പന്ത്രണ്ടിനാണ് അടുത്ത വാദം.