ന്യൂഡൽഹി: അനുമതിയില്ലാതെ റോഷ് ഷോ നടത്തിയതിന് ഡൽഹി ഈസ്‌റ്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. കഴിഞ്ഞ 23ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് ഡൽഹി ലാജ്‌പത് നഗറിൽ നടത്തിയ റോഡ് ഷോയുടെ പേരിലാണ് നടപടി. അനുമതി തേടാതെ റോഷ് ഷോ നടത്തിയ ഗംഭീറിനെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഡൽഹി പൊലീസിനും ഈസ്‌റ്റ് ഡൽഹി റിട്ടേണിംഗ് ഒാഫീസർക്കും നിർദ്ദേശം നൽകിയിരുന്നു.
ലാജ്പത്‌നഗറിലെ റോഷ് ഷോയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവു പ്രകാരം ഗംഭീറിനെതിരെ കേസെടുത്തതായി ഡൽഹി പൊലീസ് സൗത്ത് ഈസ്‌റ്റ് ഡിസിപി ചിൻമയി ബിസ്‌വാൾ പറഞ്ഞു. രണ്ട് തിരിച്ചറിയൽ കാർഡ് കൈവശം വച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗംഭീറിനെതിരെ ഈസ്‌റ്റ് മണ്ഡലത്തിലെ ആംആദ്‌മി പാർട്ടി സ്ഥാനാർത്ഥി അതിഷി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഡൽഹിയിലെ തന്നെ കരോൾബാഗ്, രജീന്ദർ നഗർ എന്നിവിടങ്ങളിലെ വിലാസത്തിൽ രണ്ട് തിരിച്ചറിയൽ കാർഡ് ഉള്ള വിവരം ഗംഭീർ നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തിയില്ലെന്നാണ് ആരോപണം.
ഡൽഹി സ്വദേശിയായ ഗംഭീർ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷമാണ് ബി.ജെ.പിയിലൂടെ രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. സിറ്റിംഗ് എംപി മഹേഷ് ഗിരിക്കു പകരം ബി.ജെ.പി ഡൽഹി ഈസ്‌റ്റിൽ സ്ഥാനാർത്ഥിയുമായി.