ന്യൂഡൽഹി: സോഫ്‌റ്റ്‌വെയർ തകരാറിനെ തുടർന്ന് ഇന്നലെ പുലർച്ചെ മൂന്ന് മുതൽ ആറു മണിക്കൂർ എയർ ഇന്ത്യയുടെ ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകൾ തടസപ്പെട്ടതോടെ നൂറുകണക്കിന് യാത്രക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിമാനത്താവളങ്ങളിൽ കുടുങ്ങി. തകരാർ പരിഹരിച്ചെങ്കിലും മണിക്കൂറുകൾ വൈകിയാണ് ഇന്നലെ വിമാന സർവീസുകൾ പുനരാരംഭിച്ചത്. 155 വിമാനങ്ങളുടെ സമയമാണ് പുനക്രമീകരിക്കേണ്ടി വന്നത്. ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു. എയർ ഇന്ത്യയിൽ മാത്രമല്ല, കണക്‌ടിംഗ് സർവീസുകൾ നടത്തുന്ന മറ്റ് വിമാനക്കമ്പനികളിൽ ബുക്കു ചെയ്‌തവരും കുടുങ്ങി.
ബോർഡിംഗ് പാസ്, മറ്റ് റിസർവേഷൻ വിവരങ്ങൾ തുടങ്ങിയവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാസഞ്ചർ സർവീസ് സിസ്‌റ്റം (പി.എസ്.എസ്) സോഫ്‌റ്റ്‌വെയറാണ് തകരാറിലായത്. യു.എസിലെ അറ്റ്‌ലാന്റാ ആസ്ഥാനമായ സിറ്റ എന്ന കമ്പനിയുടെ സർവർ അറ്റകുറ്റപ്പണിക്കു ശേഷം പ്രവർത്തിക്കാതിരുന്നതാണ് പ്രശ്‌നമായത്. കമ്പനിയിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുമെന്ന് എയർ ഇന്ത്യാ ചെയർമാൻ അശ്വനി ലൊഹാനി പറഞ്ഞു. കഴിഞ്ഞ കൊല്ലം ജൂൺ 23നും സിറ്റയുടെ പി.എസ്.എസ് തകരാറിലായത് എയർ ഇന്ത്യ ഉൾപ്പെടെ ഒട്ടേറെ കമ്പനികളുടെ സർവീസുകളെ ബാധിച്ചിരുന്നു.
ഇന്നലെ രാത്രി വരെ സർവീസുകൾ ശരാശരി രണ്ടു മണിക്കൂർ വൈകിയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. എയർ ഇന്ത്യ, ഉപസ്ഥാപനങ്ങളായ അലയൻസ് എയർ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവ സംയുക്തമായി പ്രതിദിനം 674 സർവീസുകളാണ് നടത്തുന്നത്. ഇന്ന് പുലർച്ചെയോട് കൂടി സർവീസുകൾ സാധാരണ നിലയിലാകുമെന്ന് ലോഹാനി പറഞ്ഞു. യാത്ര മുടങ്ങിയവർക്ക് താമസസൗകര്യം ഏർപ്പാടു ചെയ്‌തു. ഇവർക്ക് എയർ ഇന്ത്യയുടെയോ മറ്റ് കമ്പനികളുടെയോ വിമാനങ്ങളിൽ തുടർ യാത്രാ സൗകര്യം ഏർപ്പെടുത്തും. യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകൾക്ക് ലൊഹാനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
സ്‌റ്റാർ അലയൻസ് അംഗമായ എയർ ഇന്ത്യാ വിമാനങ്ങളെ ലുഫ്‌താൻസ, സിംഗപ്പൂർ എയർലൈൻസ്, എയർ കാനഡ, തായ്, യുണൈറ്റഡ്, ടർക്കിഷ് എയർലൈൻസ് എന്നീ കമ്പനികൾ വഴി ബുക്കു ചെയ്യുന്ന യാത്രക്കാർ കണക്ടിംഗ് സർവീസുകൾക്കായി ആശ്രയിക്കുന്നു.
വിമാനത്താവളങ്ങളിൽ സംഘർഷം
പുലർച്ചെ ഡൽഹി അടക്കം വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ കൗണ്ടറുകളിലെ കംപ്യൂട്ടറുകളുടെ പ്രവർത്തനം നിലച്ചു. സർവീസ് വൈകുമെന്നറിയിച്ച് യാത്രക്കാർക്ക് ഫോൺ മെസേജും അയ്‌ക്കാനായില്ല. വിവരം അറിയാതെ എത്തിയ യാത്രക്കാർ ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിൽ തടിച്ചുകൂടി. കാരണം പറയാതെ, ബോർഡിംഗ് പാസ് നൽകാനാകില്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകിയത്. ചിലർ നിയന്ത്രണം വിട്ടത് വിമാനത്താവളങ്ങളിൽ സംഘർഷാവസ്ഥ സൃഷ്‌ടിച്ചു. പലരും തങ്ങൾ നേരിട്ട ബുദ്ധിമുട്ട് സാമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. രാവിലെ എട്ടരയോടെയാണ് സോഫ്‌റ്റ്‌വെയർ തകരാറെന്ന വിശദീകരണം എയർ ഇന്ത്യാ മാനേജ്‌മെന്റ് നൽകിയത്.