ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാളെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിൽ ഇന്നലെ പ്രചാരണം അവസാനിച്ചു. ബീഹാർ (5), ജമ്മു കാശ്മീർ (അനന്ത്നാഗ്), ജാർഖണ്ഡ് (3), മദ്ധ്യപ്രദേശ് (6), മഹാരാഷ്‌ട്ര (17), ഒഡിഷ (6), രാജസ്ഥാൻ (13), യു.പി (13), പശ്‌ചിമ ബംഗാൾ (8) എന്നീ സംസ്ഥാനങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. 945 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

ഉത്തർപ്രദേശിലെ അസംഗഡിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കനൗജിൽ ഭാര്യ ഡിംപിൾ യാദവ്, സുൽത്താൻപൂരിൽ കേന്ദ്രമന്ത്രി മേനകാ ഗാന്ധി, ഉന്നാവോയിൽ സിറ്റിംഗ് എം.പി സാക്ഷി മഹാരാജ്, മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥ്, സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ രാകേഷ് സിംഗ്, ബീഹാറിലെ ബെഗുസാരായിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, സി.പി.ഐയുടെ കനയ്യകുമാർ, പശ്‌ചിമ ബംഗാളിലെ അസൻസോളിൽ ബി.ജെ.പി എം.പി ബബുൽ സുപ്രിയോ, ജാർഖണ്ഡിലെ ധൻബാദിൽ കോൺഗ്രസിന്റെ കീർത്തി ആസാദ് തുടങ്ങിയവർ നാളെ ജനവിധി തേടുന്നു.