election-2019

ന്യൂഡൽഹി: ഒൻപത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലായി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 957 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. മഹാരാഷ്ട്ര (17), രാജസ്ഥാൻ (13), ഉത്തർപ്രദേശ് (13),പശ്ചിമബംഗാൾ (8), മദ്ധ്യപ്രദേശ് (6), ഒഡിഷ (6), ബീഹാർ (5), ജാർഖണ്ഡ് (3), ജമ്മുകാശ്മീർ (1) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്.

ബീഹാറിലെ ബെഗുസാരായിയാണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലം.

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗും ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവും സി.പി.ഐ സ്ഥാനാർത്ഥിയുമായ കനയ്യ കുമാറും തമ്മിലാണ് ഇവിടെ പോരാട്ടം. തൻവീർ ഹസനാണ് ആർ.ജെ.ഡി - കോൺഗ്രസ് മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി.
എൽ.ജെ.പി നേതാവ് രാമചന്ദ്ര പാസ്‌വാൻ സമസ്തിപുരിലും എൻ.ഡി.എ വിട്ട മുൻ കേന്ദ്രമന്ത്രിയും ആർ.എൽ.എസ്.പി നേതാവുമായ ഉപേന്ദ്രകുശ്‌വാഹ ഉജിയാർപുരിലും ജനവിധി തേടുന്നു.

ജനവിധി തേടി അച്ഛനും മകനും

അച്ഛനും മകനും ഒരേ ദിവസം ജനവിധി തേടുകയാണ് മദ്ധ്യപ്രദേശിലെ ചിന്ദ്‌വാഡയിൽ. മുഖ്യമന്ത്രി കമൽനാഥ് ചിന്ദ്‌വാഡ നിയമസഭാ മണ്ഡലത്തിലും മകൻ നകുൽനാഥ് ചിന്ദ്‌വാഡ ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുന്നു. കമൽനാഥ് 9 തവണ വിജയിച്ച ലോക്സഭാമണ്ഡലമാണ്ചിന്ദ്‌വാഡ. മുഖ്യമന്ത്രിയായി ചുമതലയേറ്റ കമൽനാഥിന് വേണ്ടി കോൺഗ്രസ് എം.എൽ.എ ദീപക് സക്സേന രാജിവച്ചതിനെ തുടർന്നാണ് ചിന്ദ്‌വാഡയിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്‌ലോട്ട് ജോധ്പുരിൽ വോട്ട് തേടുന്നു. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രഷെഖാവത്ത്, പി.പി. ചൗധരി എന്നിവരാണ് രാജസ്ഥാനിലെ മറ്റുപ്രമുഖർ.

ജാർഖണ്ഡിൽ കേന്ദ്രമന്ത്രി സുദർശൻ ഭഗത് ഉൾപ്പെടെ 59 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.
മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി സുഭാഷ് ബാമ്റെ, മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ, അന്തരിച്ച ബോളിവുഡ് താരം സുനിൽദത്തിന്റെ മകളും മുൻ എം.പിയുമായ പ്രിയദത്ത്, അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മകളും എം.പിയുമായ പൂനം മഹാജൻ, ബോളിവുഡ് താരം ഊർമിള മതോണ്ഡ്കർ എന്നീ പ്രമുഖരാണ് ജനവിധി തേടുന്നത്. യു.പിയിൽ ബി.ജെ.പി എം.പി സാക്ഷിമഹാരാജ്, എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യയും സിറ്റിംഗ് എം.പിയുമായ ഡിംപിൾ യാദവ്, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവരാണ് പ്രമുഖർ. പശ്ചിമബംഗാളിൽ കേന്ദ്രമന്ത്രിമാരായ ബാബുൽ സുപ്രിയോ, എസ്.എസ്. അലുവാലിയ, ബംഗാളി നടിയും എം.പിയുമായ മൂൺ മൂൺ സെൻ എന്നിവരും ഇന്ന് ജനവിധി തേടുന്നുണ്ട്.