ന്യൂഡൽഹി: സോഫ്റ്റ്‌വെയർ തകരാർ പരിഹരിച്ചെങ്കിലും എയർ ഇന്ത്യയുടെ ആഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ രണ്ടാംദിനവും വൈകി. ഇന്നലെ 137 സർവീസുകളാണ് വൈകിയത്. കുറഞ്ഞത് മൂന്നേകാൽ മണിക്കൂർ വൈകിയാണ് വിമാനങ്ങൾ പുറപ്പെടുന്നത്. സോഫ്റ്റ്‌വെയർ തകാറുണ്ടായ ശനിയാഴ്ച 149 വിമാനങ്ങളാണ് വൈകിയതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ 3.30 മുതൽ 8.45വരെയാണ് ചെക്ക് ഇൻ, ലഗേജ്, റിസർവേഷൻ സംവിധാനങ്ങൾക്കുള്ള എയർ ഇന്ത്യ പാസഞ്ചർ സർവീസ് സിസ്റ്റം പണിമുടക്കിയത്. ഇതോടെ രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങി. തുടർന്ന് ചില സർവീസുകൾ പുനഃ ക്രമീകരിക്കുകയും ചിലത് റദ്ദാക്കുകയും ചെയ്തിരുന്നു. പാസഞ്ചർ സർവീസ് സിസ്റ്റം കൈകാര്യം ചെയ്യുന്ന യു.എസിലെ കമ്പനിയുടെ സെർവർ അറ്റകുറ്റപ്പണിക്ക് ശേഷം നിലച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. ദിവസേന 600ലധികം സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്.