ന്യൂഡൽഹി:ട്രെയിൻ യാത്രക്കാരുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതായി റെയിൽവെമന്ത്രാലയത്തിന്റെ കണക്കുകൾ. രാജ്യത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ 1.71 ലക്ഷം മോഷണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിവരാവകാശനിയമപ്രകാരം പുറത്തുവന്ന കണക്കുകൾ പറയുന്നു. ഏറ്റവും കൂടുതൽ മോഷണം നടന്നത് 2018ലാണ്. 36,584 കേസുകളാണ് ആ വർഷം രജിസ്റ്റർ ചെയ്തത്. 2009നും 18നുമിടയിൽ മോഷണ കേസുകൾ അഞ്ചു മടങ്ങായാണ് വർദ്ധിച്ചത്. റെയിൽവെ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ് കണക്കുകൾ.
റെയിൽവെ ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണെന്നാണ് റെയിൽവെ മന്ത്രാലയം നൽകുന്ന വിശദീകരണം. കുറ്റകൃത്യം തടയൽ, കേസെടുക്കൽ, അവയുടെ അന്വേഷണം, റെയിൽവെ പരിസരങ്ങളിലും ട്രെയിനിനകത്തുമുള്ള ക്രമസമാധാനപാലനം തുടങ്ങിയവ അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. ഗവൺമെന്റ് റയിൽവെ പൊലീസിനാണ് (ജി.ആർ.പി)ഈ ചുമതലകൾ. അതത് ജില്ലാ പൊലീസിന് കീഴിലാണ് റെയിൽവെ പൊലീസ്. ലോകത്തെ രണ്ടാമത്തെ വലിയ റെയിൽവെയാണ് ഇന്ത്യയുടേത്. 19,000ത്തിലധികം ട്രെയിനുകളിലായി ദിവസേന കുറഞ്ഞത് 1.3കോടി യാത്രക്കാർ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ദിവസേന ഏകദേശം 2,500 മെയിൽ, എക്സപ്രസ് ട്രെയിനുകളിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും ഏകദേശം 2,200 ട്രെയിനുകളിൽ റെയിൽവെ പൊലീസും എസ്കോട്ട് പോകുന്നുണ്ട്. "- റെയിൽമന്ത്രാലയം
വർഷവും മോഷണകേസുകളും
..........................
2018 - 36,584
2017 - 33,044
2016 - 22,106
2015 -19,215
2014 - 14,301
2013 -12,261
2012 - 9,292
2011 - 9,653
2010 - 7,549
2009 - 7,010
അറസ്റ്റിലായത് 73,837 ഭിന്നലിംഗക്കാർ
ട്രെയിൻ യാത്രക്കാരുടെ പണം പിടിച്ചുപറിച്ച കേസുകളിൽ കഴിഞ്ഞ നാലുവർഷത്തിനിടെ 73,837 ഭിന്നലിംഗക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2015ൽ 13,546, 2016ൽ 19,800,2017ൽ 18,526, 2018ൽ 20,566 പേരും ഇത്തരം കേസുകളിൽ അറസ്റ്റിലായി. 2019ൽ ജനുവരിയിൽ മാത്രം അറസ്റ്റിലായത് 1,399 പേർ.