ന്യൂഡൽഹി: റാഫേൽ കേസിലെ പുനഃപരിശോധനാ ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേസ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് വാദം നീട്ടിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നടപടി. കേന്ദ്രസർക്കാരിന്റെ ആവശ്യം ഇന്ന് പരിഗണിക്കും.
റാഫേൽ പുനഃപരിശോധനാ ഹർജികൾക്കൊപ്പം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ ബി.ജെ.പി എം.പി മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ ഹർജിയും ഇന്ന് പരിഗണിക്കും. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി അംഗീകരിച്ചുവെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധി ഇന്നലെ വീണ്ടും ഖേദം പ്രകടിപ്പിച്ചു. കോടതിയലക്ഷ്യ നോട്ടീസിനുള്ള മറുപടിയിലാണ് കാരണംകാണിക്കൽ നോട്ടീസിലെ നിലപാട് ആവർത്തിച്ചത്. കോടതിയലക്ഷ്യ ഹർജി തള്ളണമെന്നും രാഹുൽ ആവശ്യപ്പെട്ടു. റാഫേൽ കേസിൽ പുറത്തുവന്ന രേഖകൾ പുനഃപരിശോധനാഹർജിക്കൊപ്പം പരിഗണിക്കരുതെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഏപ്രിൽ 10ന് തള്ളിയിരുന്നു.