ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും മാതൃകാപെരുമാറ്റചട്ടം ലംഘിച്ചുവെന്നും തെളിവ് സഹിതം പരാതി നൽകിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. മതത്തെയും സേനയുടെ നേട്ടങ്ങളെയും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിർദ്ദേശം മോദിയും അമിത്ഷായും ലംഘിച്ചുവെന്നാണ് കോൺഗ്രസ് വാദം. എം.പിയും മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയുമായ സുസ്മിത ദേവാണ് ഹർജി നൽകിയത്. സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിക്കരുതെന്ന നിർദ്ദേശം മോദിയും അമിത് ഷായും ആവർത്തിച്ച് ലംഘിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തില്ല. വിദ്വേഷ പ്രസംഗങ്ങളും ധ്രൂവീകരണ പ്രസംഗങ്ങളും നടത്തി. ചട്ടലംഘനത്തിന് ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു. ഹർജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.
മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഏപ്രിൽ 9ന് നടത്തിയ പ്രസംഗത്തിൽ പുൽവാമ ഭീകരാക്രമണം, ബാലക്കോട്ട് തിരിച്ചടി എന്നിവ ഉന്നയിച്ച് മോദി കന്നിവോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചിരുന്നു. വാർധയിൽ ഏപ്രിൽ ഒന്നിന് നടത്തിയപ്രസംഗവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 'ലോകത്തിന് മുന്നിൽ ഹിന്ദുക്കളെ അപമാനിച്ച കോൺഗ്രസിനോട് എങ്ങനെ ക്ഷമിക്കാൻ കഴിയും. ഹിന്ദു ഭീകരർ എന്ന വാക്ക് കേട്ടപ്പോൾ നിങ്ങൾക്ക് മുറിവേറ്രില്ലേ. സമാധാനത്തിനും സാഹോദര്യത്തിനും ഐക്യത്തിനും പേരുകേട്ട ഒരു സമുദായത്തെ തീവ്രവാദവുമായി എങ്ങനെ ബന്ധപ്പെടുത്താനാകുമെന്നും മോദി പ്രസംഗിച്ചിരുന്നു. തീവ്രവാദവുമായി ഹിന്ദുമതത്തെ ബന്ധപ്പെടുത്തിയതിന് രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് അമിത് ഷായും പ്രസംഗിച്ചിരുന്നു.