modi-wave

മോദി വ്യാജ പിന്നാക്കക്കാരനെന്ന ബി.എസ്.പി അദ്ധ്യക്ഷ മായാവതിയുടെ ആരോപണത്തിന്, താൻ അതീവ പിന്നാക്കകാരനെന്ന് മോദി തിരിച്ചടിച്ചതോടെ ഉത്തർപ്രദേശിൽ വീണ്ടും ജാതി സജീവ ചർച്ചാവിഷയമാവുകയാണ്. പ്രചാരണരംഗത്ത് ബി.ജെ.പി നേതാക്കൾ മോദിയെ ആവർത്തിക്കുന്നു. മോദി ജനിച്ച സമുദായം പിന്നാക്ക വിഭാഗത്തിലാണെന്ന് മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിൽത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നേതാക്കൾ മുക്കിലും മൂലയിലും പറയുന്നു.

യു.പിയിൽ ജാതിരാഷ്ട്രീയം ചൂടുപിടിച്ചു നിൽക്കുന്ന ഈ ഘട്ടത്തിലാണ് ലക്‌നൗ കാളിദാസ് റോഡിലെ ഏഴാം നമ്പർ വസതിയിൽ സംസ്ഥാന ബി.ജെ.പിയിലെയും സർക്കാരിലെയും രണ്ടാമൻ കേശവ് പ്രസാദ് മൗര്യയെ കണ്ടത്. കടുത്ത ചൂടിലും സിതാപൂരിലെ മോദിയുടെ റാലിയിൽ ആയിരങ്ങളെത്തിയതിന്റെ അതേ ആവേശത്തോടെ അദ്ദേഹം കേരളകൗമുദിയോട് സംസാരിച്ചു:

''ജാതി വാദത്തിനു മേൽ മോദി വാദത്തിന് മേൽക്കൈ ലഭിക്കും. കഴിഞ്ഞതവണ മോദി തരംഗമായിരുന്നെങ്കിൽ ഇത്തവണ മോദി സുനാമിയായിരിക്കും. യു.പി പറയുന്നു- മോദി,മോദിയെന്ന്." ബി.ജെ.പിയുടെ ഒ.ബി.സി നേതാവ് കൂടിയായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. പിന്നാക്കക്കാർക്കായി ഒ.ബി.സി കമ്മിഷൻ രൂപീകരിച്ചു. ലോകത്തിലെ തന്നെ വലിയ പ്രതിമയുണ്ടാക്കി സർദാർ പട്ടേലിനെ ആദരിച്ചു. കുംഭമേളയിൽ ശുചീകരണം നടത്തിയ പിന്നാക്കവിഭാഗക്കാരായ തൊഴിലാളികളുടെ കാൽ കഴുകി മോദി ആദരിച്ചു. ഒരു കുടുംബത്തിലുള്ളവർക്കു മാത്രം ആദരം ലഭിക്കുന്ന സ്ഥിതി ഒഴിവാക്കി. സബ് കേ സാഥ്, സബ് കാ വികാസ് എന്ന ഞങ്ങളുടെ മുദ്രാവാക്യത്തിൽ ജനങ്ങൾക്കു വിശ്വാസമുണ്ട്.

അവരുടേത് കുടുംബ പാർട്ടി

സമൂഹത്തെയല്ല, കോൺഗ്രസും എസ്.പിയും ബി.എസ്.പിയും അവരവരുടെ കുടുംബത്തെയാണ് പ്രതിനിധീകരിക്കുന്നത്. പതിനഞ്ചു വർഷം യു.പി ഭരിച്ച എസ്.പി, ബി.എസ്.പി സർക്കാരുകളേക്കാൾ വികസനമുണ്ടാക്കാൻ യോഗി സർക്കാരിന് രണ്ടു വർഷംകൊണ്ട് സാധിച്ചു. യോഗി സർക്കാർ ക്രിമിനലുകളെ ജയിലിലടച്ചു. ക്രമസമാധാനം മെച്ചപ്പെടുത്തി. സംഘർഷമോ കലാപങ്ങളോ ഇല്ല. കുംഭമേള സമാധാനപരമായി നടന്നു. മഹാസഖ്യത്തിനും കോൺഗ്രസിനും നേട്ടമുണ്ടാക്കാനാവില്ല. ജാതിവാദത്തിൽ വോട്ടു പിടിക്കുന്നവർക്ക് യു.പി ജനത 2014ലും 2017ലും മറുപടി നൽകിയതാണ്.


രാഹുൽ ഗാന്ധി ഒളിച്ചോടി

രാഹുൽ ഗാന്ധി യു.പിയിൽ നിന്ന് കേരളത്തിലേക്ക് ഒളിച്ചോടുകയായിരുന്നു. വാരണാസിയിൽ മത്സരിക്കാൻ ആലോചിച്ച പ്രിയങ്ക അതിൽ നിന്ന് പിന്മാറി. കോൺഗ്രസിൽ ഫോട്ടോയെടുക്കാൻ മാത്രമേ ആളുകളുള്ളു, പ്രവർത്തകരില്ല. ത്രിപുരയിലും ബംഗാളിലും പൂജ്യത്തിൽ നിന്ന് ഉയർന്നുവന്നതു പോലെ കേരളവും ബി.ജെ.പി പിടിക്കും.

രാഷ്ട്രവാദവും വികസനവുമൊക്കെ അടിസ്ഥാനമാക്കിയാണ് മോദി സർക്കാരിന്റെ പ്രവർത്തനം. ഭീകരവാദത്തിനെതിരെ മോദി സർക്കാർ ഫലപ്രദമായി ഇടപെട്ടു. മോദി പാക്കിസ്ഥാന് സർജിക്കൽ സ്‌ട്രൈക്കിലൂടെ തിരിച്ചടി നൽകി. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ ഞങ്ങൾ പരാജയപ്പെട്ടപ്പോൾ വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിനു പരാതിയില്ല. മോദി വിജയിക്കാൻ തുടങ്ങുമ്പോൾ വോട്ടിംഗ് യന്ത്രം തകരാറിലെന്നു പറയും. യു.പിയിൽ കഴിഞ്ഞതവണ ലഭിച്ചത് 73 സീറ്റാണ്. ഇത്തവണ അതിലും കൂടുതൽ നേടും. രാമക്ഷേത്രം ഈ തിരഞ്ഞെടുപ്പിൽ ചർച്ചയല്ല. എന്നാൽ രാമക്ഷേത്ര നിർമാണത്തെ എക്കാലവും ബി.ജെ.പി പിന്തുണച്ചിട്ടുണ്ട്. സംഭാഷണത്തിലൂടെയും സമവായത്തിലൂടെയും പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. രണ്ടു വഴികളും അടഞ്ഞാൽ പാർലമെന്റിൽ നിയമംകൊണ്ടുവന്ന് ക്ഷേത്രം നിർമ്മിക്കണം.


ചായവിറ്റ ഉപമുഖ്യൻ

കൗസാംബിയിലെ സിർത്തിൽ ചായ വിറ്റും വീടുകളിൽ പത്രമിട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോയ കുട്ടിയാണ് ഇന്ന് ഉപമുഖ്യമന്ത്രി പദത്തിലെത്തിയ കേശവ് പ്രസാദ് മൗര്യ. കർഷക കുടുംബത്തിൽ നിന്ന് സംഘപരിവാർ സംഘടനാപ്രവർത്തകനായി പടിപടിയായി വളർച്ച. രാമജന്മഭൂമി മൂവ്‌മെന്റിന്റെ ഭാഗമായി. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവ് . ഒ.ബി.സി വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം. 2016- ൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി. മൗര്യയുടെ കീഴിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി 2017ൽ വൻഭൂരിപക്ഷത്തിൽ അധികാരം പിടിച്ചു. 2014- ൽ മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഫുൽപൂരിൽ നിന്ന് ലോക്‌സഭയിലെത്തി.