ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 71 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 64 ശതമാനം വോട്ടർമാർ വോട്ടുരേഖപ്പെടുത്തി. മൂന്നാം ഘട്ടത്തിലേതു പോലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം വ്യപകമായി പണിമുടക്കിയത് പലയിടത്തും വോട്ടെടുപ്പിനെ ബാധിച്ചു.
മഹാരാഷ്‌ട്രയിൽ തിരഞ്ഞെടുപ്പ് നടന്ന 17 ലോക്‌സഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. ധൂലെയിലും നന്ദർബറിലുമാണ് കൂടുതൽ പരാതികൾ ഉയർന്നത്. തകരാറുകൾ മനപൂർവം സൃഷ്‌ടിച്ചതാണെന്ന് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ജയന്ത് പാട്ടീൽ ആരോപിച്ചു. ഉത്തർപ്രദേശിലെ കനൗജിൽ വോട്ടിംഗ് യന്ത്രങ്ങൾ കേടായതിനെതിരെ സമാജ്‌വാദി പാർട്ടി പരാതി നൽകി. പൊലീസ് ബി.ജെ.പിക്കു വേണ്ടി വോട്ടു ചെയ്യാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ഹാർദോയിൽ വോട്ടു ചെയ്യാനെത്തിയ 50കാരൻ കുഴഞ്ഞു വീണ് മരിച്ചു. രാജസ്ഥാനിലെ ജോധ്പൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർക്ക് പരാതി ലഭിച്ചു. ഒഡീഷയിലെ ജജ്‌പൂർ മണ്ഡലത്തിൽ ബി.ജെ.പി പ്രവർത്തകർ 12 ബൂത്തുകൾ കൈയേറിയെന്നും തങ്ങളുടെ പാർട്ടിക്കാരെ വോട്ടു ചെയ്യാൻ സമ്മതിച്ചില്ലെന്നും ബി.ജെ.ഡി ആരോപിച്ചു.
2014ൽ ബി.ജെ.പിയും സഖ്യകക്ഷികളും 56 സീറ്റുകൾ നേടിയ മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച മദ്ധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന വോട്ടെടുപ്പും നിർണായകമാകും.
ജനവിധി തേടിയവർ
യു.പിയിലെ ഫറൂഖാബാദിൽ സൽമാൻ ഖുർഷിദ്(കോൺഗ്രസ് ), കനൗജിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ്, ബീഹാറിലെ ബെഗുസരായിൽ കനയ്യ കുമാർ( സി.പി.ഐ), പശ്‌ചിമ ബംഗാളിലെ അസൻസോളിൽ ബാബുൽ സുപ്രിയ(ബി.ജെ.പി), മൂൺ മൂൺ സെൻ(തൃണമൂൽ), മഹാരാഷ്‌ട്രയിലെ മുംബയ് നോർത്തിൽ ഊർമ്മിള മണ്ഡോർകർ(കോൺഗ്രസ്)., മുംബയ് നോർത്ത് സെൻട്രലിൽ പൂനം മഹാജൻ(ബി.ജെ.പി) , പ്രിയാദത്ത്(കോൺഗ്രസ്)
പോളിംഗ് ശതമാനം: ബീഹാർ (5)-54%, ജമ്മു കാശ്മീർ (അനന്ത്നാഗ്)-10.5%, ജാർഖണ്ഡ്(3)-63.39%, മദ്ധ്യപ്രദേശ്(6)-65.77%, മഹാരാഷ്‌ട്ര (17), ഒഡിഷ(6)-64%, രാജസ്ഥാൻ (13)-64.48%, യു.പി (13)- 57.58%, പശ്‌ചിമ ബംഗാൾ (8)-76.44%