ന്യൂഡൽഹി: ശാരദ ചിട്ടിഫണ്ട് തട്ടിപ്പിൽ മുൻ കൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ്കുമാർ രേഖകൾ നശിപ്പിച്ചതിന് തെളിവ് ഹാജരാക്കാൻ സുപ്രീംകോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു.

തെളിവുകൾ നശിപ്പിച്ചുവെന്നത് കോടതിയെ ബോദ്ധ്യപ്പെടുത്തണം. എങ്കിൽ അറസ്റ്റിന് ഉത്തരവിടാം. കസ്റ്റഡിയിൽ ചോദ്യം ചെയ്യുക എന്ന ആവശ്യം സത്യസന്ധമാണെന്നും രാഷ്ട്രീയ പരിഗണനയല്ല ആവശ്യത്തിന് പിന്നിലെന്നും ബോദ്ധ്യപ്പെടുത്തണം. കോടതി വ്യക്തമാക്കി.

രാജീവ്കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി ഫെബ്രുവരി എട്ടിന് ഉത്തരവിട്ടിരുന്നു. ഇത് നീക്കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം ഷില്ലോംഗിൽ നടത്തിയ ചോദ്യം ചെയ്യലിൽ ധിക്കാരത്തോടെയാണ് രാജീവ്കുമാർ മറുപടി നൽകിയതെന്നും സി.ബി.ഐ വാദിച്ചു.