politics
രാഹുൽ ഗാന്ധി

ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്ന (ചൗക്കീദാർ ചോർ ഹേ) തന്റെ പരാമർശത്തെ റാഫേൽ കേസിലെ സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെടുത്തിയതിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പു പറഞ്ഞു.

തന്റെ പരാമർശത്തെ സുപ്രീംകോടതിയുമായി ബന്ധപ്പെടുത്തിയതിന് ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു എന്ന്‌ രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ഇന്നലെ കോടതിയിൽ പറഞ്ഞു. എന്നാൽ ക്ഷമാപണം എഴുതി നൽകണമെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. മാപ്പ് സ്വീകരിക്കണമോ, തുടർ നടപടികൾ എടുക്കണമോയെന്ന് അതിനുശേഷം തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി. ആർക്കും തെറ്റ് പറ്റാം. തെറ്റ് പറ്റിയാൽ അത് അംഗീകരിക്കണം. ജസ്റ്റിസ് എസ്.കെ. കൗൾ വാക്കാൽ പറഞ്ഞു. തിങ്കളാഴ്ച വീണ്ടും കേസ് കോടതി പരിഗണിക്കും.

രാഹുലിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. തിരഞ്ഞെടുപ്പ് ചൂടിൽ അബദ്ധത്തിൽ പറഞ്ഞതാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും വ്യക്തമാക്കി രാഹുൽഗാന്ധി രണ്ട് സത്യവാങ്മൂലങ്ങൾ നൽകിയിരുന്നു. എന്നാൽ

രാഹുൽ നിരുപാധികം മാപ്പുപറഞ്ഞിട്ടില്ലെന്നും പരാമർശത്തെ ന്യായീകരിക്കുകയാണെന്നും മീനാക്ഷി ലേഖിയുടെ അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു.

ഖേദപ്രകടനവും മാപ്പും ഒന്നാണെന്ന് രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി പറഞ്ഞു. തെറ്റ് പറ്റിയിട്ടുണ്ട്. അതിൽ ആത്മാർത്ഥമായി മാപ്പുചോദിക്കുന്നു. സത്യവാങ്മൂലത്തെ തെറ്റായി ചിത്രീകരിക്കുകയാണ്. ചൗക്കീദാർ ചോർ ഹേ എന്നത് രാഷ്ട്രീയ മുദ്രാവാക്യമാണെന്നും സിംഗ്‌വി പറഞ്ഞു.

സത്യവാങ്മൂലത്തിൽ ഖേദം എന്നത് ബ്രാക്കറ്റിൽ എഴുതിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. അതിൽ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും സത്യവാങ്മൂലങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

നിഘണ്ടുവിൽ ഖേദപ്രകടനവും മാപ്പും ഒന്നുതന്നെയാണെന്ന് സിംഗ്‌വി പറഞ്ഞെങ്കിലും വ്യക്തമായ സത്യവാങ്മൂലം തിങ്കളാഴ്ച നൽകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.


റാഫേൽ ഹർജികൾ 6ന്

ന്യൂഡൽഹി: റാഫേൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നാലുവരെ സമയം നൽകി. കേസ് ആറിന് പരിഗണിക്കും.

റാഫേലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ ഡിസംബർ 14ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ എന്നിവരാണ് ഹർജി നൽകിയത്. മാദ്ധ്യമങ്ങൾ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ റിവ്യൂ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി നേരത്തേ തീരുമാനിച്ചിരുന്നു. പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും അതുവരെ ഹർജി പരിഗണിക്കുന്നത് നീട്ടണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. തിരഞ്ഞെടുപ്പ് കഴിയും വരെ വാദം നീട്ടാനാണ് സർക്കാർ ശ്രമമെന്ന് വിമർശനമുയർന്നിരുന്നു.