ന്യൂഡൽഹി: ഇംഗ്ളീഷ് കമ്പനിയുടെ രേഖകളിൽ ബ്രിട്ടീഷ് പൗരനാണെന്ന് സത്യവാങ്‌മൂലം നൽകിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്‌മണ്യം സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രാഹുൽ ഗാന്ധി ഡയറക്‌ടറും സെക്രട്ടറിയുമായി 2003ൽ യുകെയിലെ ഹാംപ്ഷെയർ ആസ്ഥാനമാക്കി സ്ഥാപിച്ച ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിക്കു വേണ്ടി നൽകിയ രേഖകളിൽ ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ പരാതി. 2005, 2006 വർഷങ്ങളിൽ സമർപ്പിച്ച കമ്പനിയുടെ വാർഷിക റിട്ടേൺസിൽ ബ്രിട്ടീഷ് പൗരനാണെന്ന് സത്യവാങ്‌മൂലം നൽകിയെന്ന പരാതി ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം നൽകിയ നോട്ടീസിൽ പറയുന്നു. കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ അനുമതി തേടി 2009 ഫെബ്രുവരി 17ന് സമർപ്പിച്ച രേഖകളിലും ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നു. ഇതു സംബന്ധിച്ച് രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
എന്നാൽ നോട്ടീസ് അയച്ചതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും ഒരു രാജ്യസഭാംഗം പരാതി നൽകുമ്പോൾ സ്വീകരിക്കേണ്ട ചട്ടപ്രകാരമുള്ള നടപടിക്രമം മാത്രമാണെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. അതേസമയം ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയുടെ രേഖകളിൽ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച വെളിപ്പെടുത്തൽ ഗൗരവകരമാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. 1955ലെ ഇന്ത്യൻ പൗരത്വ നിയമം അനുസരിച്ച് മറ്റു രാജ്യങ്ങളിലെ പൗരത്വം ലഭിച്ചാൽ ഇന്ത്യൻ പൗരത്വം നഷ്‌ടമാകുമെന്നും ബി.ജെ.പി വിശദീകരിക്കുന്നു.
നടപടി ശുദ്ധഅസംബന്ധം
രാഹുലിന് നോട്ടീസ് അയച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി അസംബന്ധമാണെന്ന് സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി ഇന്ത്യക്കാരനാണെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാം. ഇവിടുത്തെ ജനങ്ങൾക്കു മുന്നിലാണ് രാഹുൽ ജനിച്ച് വളർന്നത്. ഇതു തികഞ്ഞ അസംബന്ധമാണെന്നും ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രിയങ്ക അഭിപ്രായപ്പെട്ടു.